അന്ന് മിയാന്‍ദാദും ചേതന്‍ശര്‍മ്മയും; ഇന്ന് അഫ്രീദിയും അശ്വിനും: ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് തിളക്കമാര്‍ന്ന വിജയം

single-img
3 March 2014

Javed-Miandad-Last-Ball-Six-Against-India-Sharjah-19861986 ലെ ഒസ്ട്രാല്‍- ഏഷ്യകപ്പ് ഫൈനലാണ് ഇതുവരെയുള്ള ഇന്ത്യ- പാക് ക്രിക്കറ്റ് യുദ്ധങ്ങളില്‍ ത്രില്ലര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. അന്ന് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന്‍, ജാവേദ് മിയാന്‍ദാദെന്ന ഒറ്റയാന്റെ കരുത്തില്‍ ചേതന്‍ശര്‍മ്മയെ ബൗണ്ടറിക്കപ്പുറത്തേക്ക് ഉയര്‍ത്തിവിട്ട് വിജയം നേടുമ്പോള്‍ പലരും അവിശ്വസനീയതയോടെ ചലനമറ്റ് നിന്നു. പ്രസ്തുത മത്സരത്തിന്റെ ആവര്‍ത്തനം 28 വര്‍ഷങ്ങള്‍ക്കു ശേഷം ബംഗ്ലാദേശില്‍ ഷാഹിദ് അഫ്രീദി പുതുക്കി. പഴയതിന്റെ അത്രയൊന്നും ത്രില്ലിംഗ് ഇല്ലെങ്കിലും അവസാന ഓവറില്‍ ആര്‍. അശ്വിനെ രണ്ടുസിക്‌സ് പായിച്ച് അഫ്രീദി പാകിസ്ഥാന് ജയം നേടിക്കൊടുത്തു.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാന്‍ 49.4 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 249 റണ്‍സ് നേടി വിജയം ഉറപ്പിച്ചു. അവസാന ഓവറില്‍ 10 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പായിച്ച് അഫ്രീദി വിജയം ഇന്ത്യയില്‍നിന്ന് പിടിച്ചുവാങ്ങുകയായിരുന്നു. മുഹമ്മദ് ഹഫീസാണു മാന്‍ ഓഫ് ദ മാച്ച്.

അവസാന ഓവര്‍ എറിയാന്‍ എത്തിയ അശ്വിന്‍ ആദ്യ പന്തില്‍ത്തന്നെ അജ്മലിനെ വീഴ്ത്തി. പിന്നീടെത്തിയ ജുനൈദ് ഖാന്‍ അശ്വിനെതിരേ സിംഗിള്‍ നേടി അഫ്രിദിക്ക് സ്‌ട്രൈക്ക് കൈമാറിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. അശ്വിനെ തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി അഫ്രിദി പാക്കിസ്ഥാനെ വിജയം നേടിക്കൊടുത്തു. പതിനെട്ട് പന്തുകളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുകളും പായിച്ച് അഫ്രിദി 34 റണ്‍സുമായി പുറത്താകാതെനിന്നു. അശ്വിന്‍ മൂന്നു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, മിശ്ര എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.