എന്‍. എസ്. എസ്. സമുദായമല്ല രജിസ്റ്റര്‍ ചെയ്ത സംഘടന മാത്രമാണ് എന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ മനസ്സിലാക്കണം. ;ജയിക്കുന്ന പാർട്ടിയുടെ ജയത്തിന്‍റെ പിത്രുത്വമേറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകളാണ് സമുദായങ്ങള്‍

single-img
27 February 2014

rajupnairഗാന്ധിയന്‍ തത്വശാസ്ത്രങ്ങളില്‍ ഒരു വെള്ളവും ചേര്‍ക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഞാന്‍ അവകാശപ്പെടില്ലെങ്കിലും ഈ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാനം ഗാന്ധിയന്‍ മൂല്യങ്ങള്‍ തന്നെയാണെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവില്ല. രാഷ്ട്രീയമായി എത്രയൊക്കെ കുറ്റപ്പെടുത്താമെങ്കിലും രാജ്യത്തെ നാനാത്വത്തില്‍ ഏകത്വം എന്ന വിശ്വാസധാരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ഈ പ്രസ്ഥാനത്തിന് സാധിച്ചത് ആ ചിന്തയുടെ ശക്തികൊണ്ടാണ്. ഈ ലോകത്തുള്ള എല്ലാ സംസ്കാരങ്ങളും എന്‍റെ വീടിനുള്ളിലേക്ക് സ്വതന്ത്രമായി പ്രവഹിക്കുവാന്‍ കഴിയുന്ന വിധത്തില്‍ ചുമരുകളും ജനാലകളും ഇല്ലാത്തതായിരിക്കണം എന്‍റെ വീട് എന്ന് പറഞ്ഞ ഗാന്ധിയന്‍ ചിന്താധാരയില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസ്, അത് കൊണ്ട് തന്നെ എല്ലാ മതങ്ങളുടെയും, സമുദായങ്ങളുടെയും, വിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും എന്നും കാതോര്‍ത്തിട്ടുണ്ട്, പക്ഷെ ആ സംസ്കാരങ്ങള്‍ക്കൊന്നും തന്നെ എന്‍റെ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിച്ചലിപ്പിക്കാനാവില്ലെന്ന് ഗാന്ധിജി അതിനോട് കൂട്ടിച്ചേര്‍ത്ത വാചകത്തോട് ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെങ്കിലും നീതി പുലര്‍ത്താന്‍ പലപ്പോഴും കഴിയാതെ പോയി.

g sukumaran nair_0കഴിഞ്ഞ കുറെ കാലങ്ങളായുള്ള ആ തെറ്റിന്‍റെ അനന്തരഫലമാണ് നായര്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ശ്രീ. സുകുമാരന്‍ നായരില്‍ നിന്ന് കഴിഞ്ഞ ദിവസം കേട്ടത്. സ്ഥാനങ്ങള്‍ക്ക് വേണ്ടിയും സ്വാര്‍ത്ഥലാഭത്തിനു വേണ്ടിയും പലപ്പോഴും ചില നേതാക്കന്മാരെങ്കിലും സമുദായങ്ങളെ പ്രീണിപ്പിക്കാനോ ഉപയോഗിക്കുവാനോ ശ്രമിച്ചിട്ടുണ്ട് എന്ന ധൈര്യമാണ് ഒരു ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിനു നേരെ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുവാന്‍ സാമുദായിക സംഘടനകള്‍ക്ക് ധൈര്യം പകരുന്നത്. പലപ്പോഴും നമ്മുടെ നേതാക്കന്മാര്‍ ഈ നാട്ടിലെ വോട്ടര്‍മാരുടെ വിവേകത്തെ വിലകുറച്ചു കണ്ടു എന്ന് തന്നെ വേണം പറയാന്‍. സാമുദായിക നേതാക്കന്മാര്‍ നല്‍കുന്ന തിട്ടൂരമനുസരിച്ചാണ് അവര്‍ അവരുടെ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നത് എന്ന് ധരിക്കുന്നത് വികലമായ കാഴ്ചപ്പാടാണെന്നാണു എന്‍റെ അഭിപ്രായം. സാമുദായിക നേതാക്കന്മാര്‍ക്ക് ജനങ്ങളുടെ ചിന്തകളെയും പിന്തുണയെയും അത്തരത്തില്‍ ഹൈജാക്ക് ചെയ്യാനാവില്ല എന്നത് പല തിരഞ്ഞെടുപ്പുകളിലും നമ്മള്‍ കണ്ടിട്ടുള്ളതാണ്. പലപ്പോഴും ജയിക്കുന്ന പാര്‍ടിയുടെ ജയത്തിന്‍റെ പിത്രുത്വമേറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകളാണ് സമുദായങ്ങള്‍. ഇവരുടെ അവകാശങ്ങളെ അംഗീകരിക്കും വിധം നമ്മുടെ നേതാക്കന്മാര്‍ മൌനം പാലിക്കുകയോ, നട്ടെല്ല് വളയ്ക്കുകയോ ചെയ്യുന്നുമുണ്ട്. അധികാരമേറ്റെടുത്താല്‍ ഇവരുടെ ആസ്ഥാനങ്ങളില്‍ ചെന്ന് ഹാജര്‍ വയ്ക്കുന്ന നടപടിയാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. പലപ്പോഴും ഇത്തരത്തില്‍ ഉള്ള നടപടികളാണ് അവര്‍ അര്‍ഹിക്കുകപോലും ചെയ്യാത്ത എന്തൊക്കെയോ അവകാശങ്ങള്‍ തങ്ങള്‍ക്കുണ്ടെന്ന ധാരണ അവര്‍ക്കുണ്ടാക്കുന്നത്. അങ്ങനെ ഒരു മിഥ്യാധാരണയില്‍ പെട്ട് സമുദായാചാര്യന്മാര്‍ക്കുമപ്പുറത്തുള്ള സ്ഥാനമുണ്ടെന്ന് ധരിച്ചുവശായി ചിലര്‍ സമുദയാത്തിന്‍റെ പോപ്പ് ആയി അവതരിക്കുന്ന ഉന്മാദാവസ്ഥയില്‍ എത്തിനില്‍ക്കുന്നതു വരെ കേരളം കാണേണ്ട ഗതികേടില്‍ എത്തി. .V-M-Sudheeran-KPCC-Presidentഇത്തരത്തിലുള്ള ജല്‍പ്പനങ്ങള്‍ ഉണ്ടാവുമ്പോള്‍ കോണ്‍ഗ്രസ് നടത്തുന്ന സമവായശ്രമങ്ങളും അതിനെ തുടര്‍ന്നുള്ള വിലക്കുകളും പൊതുജനങ്ങളിലും ആ സമുദായാംഗങ്ങളില്‍ പോലും, അവമതിപ്പുണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തവണ ശ്രീ. വി. എം. സുധീരനില്‍ നിന്നും വി. ഡി. സതീശനില്‍ നിന്നും ഉണ്ടായ ശബ്ദങ്ങള്‍ കാര്‍ക്കശ്യത്തോടെ ഉള്ളത് തന്നെയായിരുന്നു. ഓരോ സമുദായത്തിന്‍റെയും അഭിപ്രായങ്ങളും കേള്‍ക്കാന്‍ കോണ്ഗ്രസ് ബാധ്യസ്തമാവുമ്പോള്‍ തന്നെ, എല്ലാ സമുദായങ്ങള്‍ക്കും തുല്യ നീതി ഉറപ്പാക്കാനും പാര്‍ട്ടിക്കും സര്‍ക്കാരിനും ബാധ്യതയുണ്ട്. പലപ്പോഴും ഈ അടിസ്ഥാനതത്വം മറന്നു കൊണ്ട്, മര്യാദകളുടെ എല്ലാ സീമകളും ലംഘിക്കുന്ന പെരുമാറ്റവും വാക്കുകളുമാണ് ഈ വ്യക്തികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്നത്. ഇതിനു കടിഞ്ഞാണിടാന്‍ കഴിയണം. ജനങ്ങളുടെ ചിന്തകള്‍ മാറിയെന്നത് രാഷ്ട്രീയ പാര്‍ടികള്‍ മാത്രമല്ല ഇത്തരം സംഘടനകളും മനസ്സിലാക്കണം. ഇന്നത്തെ പുതിയ തലമുറയ്ക്ക് സമുദായ സംഘടനകള്‍ അന്യമാണ്. സമുദായത്തിന്‍റെ പോപ്പ് ചമയുന്നവര്‍ ഇന്ന് ആ സമുദായത്തിലെ പുതു തലമുറ ഈ മാടമ്പിത്തരത്തിന് കൂട്ട് നില്‍ക്കുന്നുണ്ടോ എന്ന് ചിന്തിക്കണം. സുകുമാരന്‍ നായരേ പോലെ ഒരു വായാടി ഇന്നും ആ കസേരയില്‍ ഇരിക്കുന്നത് പുതുതലമുറ ഇത്തരത്തിലുള്ള സംഘടനകളോട് കാണിക്കുന്ന വിരക്തിയുടെ നേര്‍ക്കാഴ്ചയാണ്.രാഷ്ട്രീയത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം ആര്‍ക്കും നിഷിദ്ധമല്ല. പക്ഷെ ഈ സമുദായത്തിന്‍റെ പേരില്‍ പടുത്തുയര്‍ത്തിയ എന്‍. ഡി. പി. എന്ന രാഷ്ട്രീയ പ്രസ്ഥാനം, പരസ്പരം പടവെട്ടിയും കുതുകാലു വെട്ടിയും, അവസാനം പിരിച്ചു വിട്ടുകൊണ്ട് ആ സമുദായത്തെയും ജനങ്ങളെയും വഞ്ചിച്ച ചരിത്രം സുകുമാരന്‍ നായര്‍ മറക്കരുത്. അന്ന് ശ്രീ സുകുമാരന്‍ നായര്‍ ഈ സംഘടനയുടെ അകത്തളങ്ങളില്‍ തന്നെയുണ്ടായിരുന്നു. സ്വന്തം സമുദായത്തോട് ഇത്ര മാത്രം ബാധ്യതയുണ്ടായിരുന്നെങ്കില്‍ വല്ലവന്‍റെയും കുഞ്ഞിനു അവകാശം പറയാതെ സ്വന്തം കുഞ്ഞുങ്ങളെ താക്കോല്‍ സ്ഥാനത്തൊക്കെ ഇരുത്തി സമുദായ വിപ്ലവം നടപ്പാക്കാമായിരുന്നു. അതില്‍ നിന്നെല്ലാം ഒളിച്ചോടി ഇന്ന് ചാനല്‍ കുര്‍ബാനയില്‍ കേട്ടാല്‍ അറപ്പുളവാക്കുന്ന വാക്കുകളും വാദങ്ങളും നിരത്തി സമുദായത്തെ ഉദ്ധരിക്കേണ്ട ഗതികേടില്‍ എത്തിച്ചത്തിന്‍റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? ചാനല്‍ റേറ്റിംഗ് കൂട്ടാനുള്ള നെട്ടോട്ടത്തില്‍ ഇത്തരത്തിലുള്ള മസാല ഡയലോഗുകള്‍ക്കുള്ളയിടം ഇവരെ വാര്‍ത്തകളില്‍ നിറയ്ക്കുന്നുവെന്നതിനപ്പുറം ഒരു പ്രസക്തിയും ഈ വാക്കുകള്‍ക്കില്ല. സമുദായങ്ങളെ കോണ്‍ഗ്രസ് മാനിക്കുക തന്നെ വേണം, പക്ഷെ സമുദായത്തിന്‍റെ നേതാക്കന്മാരുടെ തോന്ന്യാസങ്ങള്‍ക്ക് അതെ നാണയത്തില്‍ മറുപടി പറയണം. എന്‍. എസ്. എസ്. സമുദായമല്ല. അത് ഒരു രജിസ്റ്റര്‍ ചെയ്ത സംഘടന മാത്രമാണ് എന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ആദ്യം മനസ്സിലാക്കണം.1689032_1415903151991313_1347529168_nഇത് നായര്‍ സമുദായത്തിന് മാത്രം ബാധകമല്ല. മറ്റു സമുദായ നേതാക്കന്മാരും, ബിഷപ്പുകളും, പാതിരിമാരുമെല്ലാം സില്ക്കരിക്കുന്ന കാലമാണ്. നായരുടെയും, ഈഴവന്‍റെയും, ലത്തീന്‍റെയും, മുസ്ലീമിന്‍റെയും ഒന്നും അടിസ്ഥാനത്തില്‍ സീറ്റുകള്‍ വിഭജിക്കപ്പെടാന്‍ സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം സമുദായത്തിന്‍റെ പേരില്‍ വീതം വയ്ക്കാതെ ജയസാധ്യതയുടെയും, കഴിവിന്‍റെയും അടിസ്ഥാനത്തില്‍ നിര്‍ണ്ണയിച്ചു കൊണ്ട് ഇത്തരം ഉത്തരംതാങ്ങി പല്ലികള്‍ക്ക് മറുപടി കൊടുക്കണമെന്നാണ് ഒരു കോണ്‍ഗ്രസുകാരന്‍ എന്ന രീതിയില്‍ എന്‍റെ ആഗ്രഹം. രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത, സ്ഥാനാര്‍ഥികളെ പാര്‍ട്ടി ഭാരവാഹികള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്ക് തുടക്കമായിട്ടുണ്ട്. ഈ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടപ്പാക്കുന്നില്ലെങ്കിലും ഇനിയങ്ങോട്ടുള്ള നിയമസഭ ഉള്‍പ്പടെയുള്ള തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് സുതാര്യമായ വോട്ടിംഗ് പ്രക്രിയയിലൂടെയാവും. തിരഞ്ഞെടുപ്പ് രംഗത്തും സംഘടനാ രംഗത്തും ഇത്തരത്തിലുള്ള ദുഷ്പ്രവണതകളെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇത് പോലെയുള്ള പുതിയ ആശയങ്ങളിലൂടെ സാധിക്കും. അതോടെ ഈ എട്ടുകാലി മമ്മൂഞ്ഞുകള്‍ അപ്രസക്തരാവുകയും ചെയ്യും.