അമ്മയ്ക്ക് കഷ്ടകാലം : ചികിത്സാപ്പിഴവിന് അമൃത ആശുപത്രി 19 ലക്ഷം നഷ്ടപരിഹാരം നല്‍കണം

single-img
21 February 2014

കൊച്ചി: ചികിത്സയിലുണ്ടായ പിഴവുമൂലം കൊച്ചിയിലെ അമൃത ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ 19 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. എറണാകുളം ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്.അമൃത ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌, ഡോ. ശൈശവ്‌ എന്നിവര്‍ക്കെതിരേയാണ്‌ എറണാകുളം ജില്ലാ ഉപഭോക്‌തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി. 2006 ഡിസംബര്‍ 22 നു പാലാ താഴത്തേടത്ത്‌ അഡ്വ. പി.ജി. സുനില്‍ അമൃതയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിലാണു വിധി.

സംഭവത്തിനുത്തരവാദിയായ ഡോക്‌ടര്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്‌ടിന്‌ വിരുദ്ധമായി പ്രവര്‍ത്തിച്ചതായി എ. രാജേഷ്‌, പ്രസിഡന്റ്‌ പി.കെ. ബീനാകുമാരി, ഷീന്‍ ജോസ്‌ എന്നിവര്‍ അംഗങ്ങളായ ഫോറം കണ്ടെത്തി.സുനിലിന്റെ കുടുംബത്തിന് 52 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് ഉപഭോക്തൃ കോടതി വിധിയില്‍ പറയുന്നു. എന്നാല്‍ പരാതിക്കാര്‍ ആവശ്യപ്പെട്ട തുക അംഗീകരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.നാഷണല്‍ ഇന്‍ഷുറസ്‌ കമ്പനിയാണു നഷ്‌ടപരിഹാരത്തുക നല്‍കേണ്ടത്‌. ആശുപത്രിയുടെയും ഡോക്‌ടര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ ഇന്‍ഷുര്‍ ചെയ്‌തിട്ടുള്ളതിനാലാണിത്‌.

ചിക്കന്‍പോക്‌സ്‌ ബാധിച്ച സുനിലിനെ നടുവേദനയെത്തുടര്‍ന്ന്‌ രാത്രി പത്തരയോടെയാണ്‌ അമൃതയിലെത്തിച്ചത്‌. ഒരുമണിക്ക്‌ മുറിയിലേക്കു മാറ്റി. തുടര്‍ന്ന്‌ വയറ്റില്‍നിന്നു രക്‌തസ്രാവമുണ്ടായി. നിലയ്‌ക്കാതെ രക്‌തം പോയതിനെത്തുടര്‍ന്ന്‌ നഴ്‌സ്‌ ഡോക്‌ടറെ വിളിച്ചെങ്കിലും രോഗിയെ കാണാന്‍ വരാതെ ഫോണിലൂടെ മരുന്നുകള്‍ നിര്‍ദേശിക്കുകയായിരുന്നു. മരുന്നുകള്‍ കഴിച്ചതിനെത്തുടര്‍ന്നു നില വഷളായി. പുലര്‍ച്ചേ അഞ്ചരയ്‌ക്കു സുനില്‍ മരിച്ചു.നഷ്‌ടപരിഹാരമാവശ്യപ്പെട്ട്‌ സുനിലിന്റെ ഭാര്യ സുജാത കുഞ്ഞമ്മ, മക്കളായ അരവിന്ദ്‌, ആതിര, സുനിലിന്റെ മാതാവ്‌ സരോജിനിദേവി എന്നിവര്‍ കക്ഷികളായി 2008 ലാണ്‌ ഉപഭോക്‌തൃ തര്‍ക്ക പരിഹാരഫോറത്തില്‍ പരാതി നല്‍കിയത്‌.