നിലമ്പൂര്‍ കൊലപാതകം : ആര്യാടന്റെ ബന്ധുവിനെ ചോദ്യം ചെയ്തു

single-img
21 February 2014

നിലമ്പൂര്‍ : ബ്ളോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ അഡ്വ. ആര്യാടന്‍ ആസാദിനെ പൊലീസ് ചോദ്യം ചെയ്തു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ സഹോദരി പുത്രനാണ് ഇദ്ദേഹം. ആസാദിന്റെയും കോണ്‍ഗ്രസ് നേതാവും നഗരസഭാ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്തിന്‍റെയും ഓഫിസുകളിലും രാധ ജോലിയെടുത്തിരുന്നു.

പോലീസ് സമര്‍പ്പിച്ച മുഖ്യപ്രതി ബിജുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാധ ജോലി ചെയ്തിരുന്ന ഈ രണ്ട് ഓഫീസുകളെ കുറിച്ച് പരാമര്‍ശമില്ലാത്തത് വിവാദമായിരുന്നു.കേസിലെ മുഖ്യപ്രതി കെ.എം. ബിജുവിന്‍െറ മൊബൈല്‍ഫോണില്‍ നിന്നുള്ള വിളികള്‍ പരിശോധിച്ചതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് ആസാദിനെ ചോദ്യം ചെയ്തത്.പ്രതികളുടെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ മറ്റ് നിരവധി പേരെയും വ്യാഴാഴ്ച പൊലീസ് ചോദ്യം ചെയ്തു. സാക്ഷികളുടെ മൊഴിയില്‍ സംശയമുയര്‍ന്നാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്ന് ഡിവൈ എസ്.പി കെ. പി. വിജയകുമാര്‍ പറഞ്ഞു. ഇനിയും ഒട്ടേറെ പേരില്‍ നിന്ന് മൊഴികള്‍ എടുക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അതിനിടെ, വ്യാഴാഴ്ച പത്തുപേരില്‍ നിന്ന് കൂടി പൊലീസ് മൊഴി രേഖപ്പെടുത്തി.