രാജീവ് വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിക്കും

single-img
19 February 2014

rajiv_gandhi_fileമുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ ഉടന്‍ മോചിപ്പിക്കും. പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. തീരുമാനം ഗവര്‍ണറുടെ അംഗീകാരത്തിനും കേന്ദ്ര സര്‍ക്കാരിനും കൈമാറും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അഭിപ്രായം മൂന്ന് ദിവസത്തിനകം അറിയിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, വികുമാര്‍, രവി ചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിക്കുന്നത്. ഇതില്‍ വധശിക്ഷ റദ്ദാക്കിയ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

കസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ചൊവ്വാഴ്ചയാണ് സേുപ്രീം കോടതി റദ്ദാക്കിയത്. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടായതിനാല്‍ ശിക്ഷയില്‍ ഇളവു നല്‍കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. പ്രതികള്‍ ഇതിനോടകം 23 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇവരെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.