അണ്ടര്‍-19 ലോകകപ്പ്; ഇന്ത്യയ്ക്ക് രണ്ടാം ജയം

single-img
17 February 2014

yadddavhattrickkഅണ്ടര്‍-19 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് അഞ്ചുവിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 89 റണ്‍സ് വിജയലക്ഷ്യം 22.3 ഓവറില്‍ അഞ്ചു വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടന്നു. 45 റണ്‍സെടുത്ത സര്‍ഫറസ് ഖാനും 24 റണ്‍സെടുത്ത ദീപക് ഹൂഡയുമാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത്. ഇരുവരും ചേര്‍ന്നാണ് അഞ്ചിന് 22 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

കുല്‍ദീപ് യാദവിന്റെ ഹാട്രിക് മികവിലാണ് ഇന്ത്യ സ്‌കോട്‌ലന്‍ഡിനെ 88 റണ്‍സിന് ഒതുക്കുകയായിരുന്നു. സ്‌കോട്‌ലാന്റിന്റെ മുന്‍നിരതാരങ്ങളടക്കം ഒമ്പതുപേര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ്, ആമിര്‍ ഗാനി എന്നിവര്‍ നാലു വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 22 റണ്‍സെടുക്കുന്നതിനിടെ അഞ്ചു ബാറ്റ്‌സ്മാന്‍മാരെ നഷ്ടപ്പെട്ടു. അങ്കുഷ് ബെയ്ന്‍സ്(6), അഖില്‍ ഹെര്‍വാദ്കര്‍(0), നായകന്‍ വിജയ് സോള്‍(4), സഞ്ജു സാംസണ്‍ (7), റിക്കി ഭൂയി(0) എന്നിവരാണ് പുറത്തായത്. ആറാം വിക്കറ്റില്‍ സര്‍ഫറസ് ഖാനും ദീപക് ഹൂഡയും ചേര്‍ന്ന് നേടിയ 70 റണ്‍സാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്.