അരവിന്ദ് കെജരിവാള്‍ രാജി വെച്ചേക്കുമെന്ന് സൂചനകള്‍

single-img
14 February 2014

ജനലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ ഇന്നും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ രാജി വെച്ചേക്കും എന്ന് സൂചന.എന്നാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയുകയും വോട്ടിനിട്ട് പരാജയപ്പെടുകയും ചെയ്‌താല്‍ രാജി വെയ്ക്കില്ല എന്നാണു ആം ആദ്മി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ബില്‍ അവതരിപ്പിക്കാന്‍ കൊണ്ഗ്രസ്സും ബി ജെ പിയും അനുവദിക്കുകയും ബില്‍ പരാജയപ്പെടുകയും ചെയ്‌താല്‍ തങ്ങള്‍ രാജി വെയ്ക്കില്ലെന്നും എന്നാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ രാജി വെയ്ക്കുമെന്നും ആം ആദ്മി വൃത്തങ്ങള്‍ അറിയിച്ചു.തങ്ങള്‍ അധികാരത്തില്‍ വന്നത് തന്നെ ജനലോക്പാല്‍ ബില്ലും സ്വരാജ് ബില്ലും പാസ്സാക്കാന്‍ ആണെന്നും അവര്‍ പറഞ്ഞു.

ആം ആദ്മിയുടെ മുഖ്യ തെരഞ്ഞെടുപ്പു വാഗ്ദാനമായ ഈ ബില്‍ അവതരിപ്പിക്കേണ്ടത് നിയമ മന്ത്രി സോമനാഥ് ഭാരതി ആണ്.എന്നാല്‍ വിവാദങ്ങളില്‍ കുരുങ്ങി നില്‍ക്കുന്ന സോമനാഥ് ഭാരതി രാജിവെയ്ക്കണം എന്നാണു കൊണ്ഗ്രസ്സിന്റെയും ബി ജെപിയുടെയും ആവശ്യം.ഇന്നലെ ഡൽഹി നിയമസഭയിൽ കോൺഗ്രസ് അംഗങ്ങൾ മൈക്ക് വലിച്ചൊടിക്കുകയും പ്രക്ഷുബ്‌ധമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.കോൺഗ്രസ് അംഗം ആസിഫ് മുഹമ്മദ് ഖാൻ സ്‌പീക്കർ എംഎസ് ധിറിന്റെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും  മൈക്കുകൾ വലിച്ചൊടിക്കുകയും രേഖകൾ വലിച്ചുകീറുകയും ചെയ്തു. മറ്റ് കോൺഗ്രസ് അംഗങ്ങളും ഇതിനൊപ്പം ചേർന്നു. ബിജെപി അംഗം ആർ.പി സിംഗ് വളകളും ലി‌പ്‌സ്റ്റിക്കും മന്ത്രി സോംനാഥ് ഭാരതിയുടെ മേശപ്പുറത്ത് വച്ചു.

എന്നാല്‍ ജനലോക്പാല്‍ ബില്‍ പാസ്സാക്കാതെയിരിക്കാനുള്ള കോണ്ഗ്രസ് ബി ജെപി അംഗങ്ങളുടെ ഒത്തുകളിയാണിതെന്നാണ് ആം ആദ്മിക്കാര്‍ ആരോപിക്കുന്നത് .