ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡി ഇന്നു കേരളത്തില്‍

single-img
9 February 2014

Narendra Modiബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോഡി ഇന്നു കേരളത്തില്‍.എറണാകുളത്ത്‌ കായല്‍ സമ്മേളന ശതാബ്‌ദി ആഘോഷത്തില്‍ പങ്കെടുത്തു വെകുന്നേരം തിരുവനന്തപുരത്തെത്തുന്ന മോഡി ശംഖുമുഖത്ത്‌ മഹാസമ്മേളനത്തില്‍ പങ്കെടുക്കും.സംസ്‌ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മോഡിക്കു പുറമേ അഖിലേന്ത്യാ പ്രസിഡന്റ്‌ രാജ്‌നാഥ്‌സിംഗ്‌, ഉപാധ്യക്ഷന്‍ ബന്ദാരു ദത്താത്രേയ, വി.സതീഷ്‌, സുബ്രഹ്‌മണ്യംസ്വാമി, പൊന്‍രാധാകൃഷ്‌ണന്‍ തുടങ്ങിയ നേതാക്കളും പങ്കെടുക്കും. നൂറുപേര്‍ക്ക്‌ ഇരിക്കാവുന്ന പടുകൂറ്റന്‍ വേദിയാണ്‌ ശംഖുമുഖത്ത്‌ ഒരുക്കിയിട്ടുള്ളത്‌. 16 അടി ഉയരവും 100 അടി നീളവും 40 അടി വീതിയുമുള്ള വേദി ശംഖുമുഖത്ത്‌ എവിടെ നിന്നാലും കാണത്തക്കവിധമാണ്‌. വെകുന്നേരം നാലു മണിക്കാണ്‌ സമ്മേളനം. കവി എസ്‌. രമേശന്‍ നായര്‍ രചിച്ച്‌ കെ.എം.ഉദയന്‍ സംഗീത സംവിധാനം നിര്‍വഹിച്ച്‌ ബിജു നാരായണനും ചിത്ര അരുണും ചേര്‍ന്ന്‌ ആലപിക്കുന്ന സ്വാഗത ഗാനത്തോടെ ചടങ്ങുകള്‍ക്ക്‌ തുടക്കമാകും.നരേന്ദ്രമോഡിക്കും രാജ്‌നാഥ്‌ സിംഗിനുമുള്ള കേരളത്തിന്റെ ഉപഹാരമായി വി.മുരളീധരന്‍ ആറന്മുള കണ്ണാടി സമര്‍പ്പിക്കും.

സമ്മേളനത്തിനുശേഷം എഴുപതിലധികം സമുദായ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന പ്രത്യേക യോഗത്തില്‍ മോഡി സംബന്ധിക്കും. എറണാകുളത്ത്‌ വിവിധ ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരുമായും അദ്ദേഹം ആശയവിനിമയം നടത്തും. രാത്രി 8.45 ഓടെയാണ്‌ മടക്കം.എന്നാൽ അതേസമയം തന്നെ കോണ്‍ഗ്രസ്‌ വിമര്‍ശനത്തിനു മറുപടിയായി ശംഖുമുഖത്തെ സമ്മേളന വേദിക്കു ചുറ്റും നമോ ചായക്കടകള്‍. ഇന്നലെ വൈകുന്നേരം തുറന്ന നമോ ചായക്കടയില്‍ നിന്ന്‌ ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ബന്ദാരുദത്താത്രേയ, സംസ്‌ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ തുടങ്ങിയവര്‍ ആദ്യചായ കുടിച്ചു. സമ്മേളനനഗരിയില്‍ പ്രവര്‍ത്തകര്‍ക്കു കുറഞ്ഞ വിലയ്‌ക്ക്‌ ചായയും പലഹാരങ്ങളും ലഭ്യമാക്കാന്‍ പത്ത്‌ കടകളാണ്‌ ഒരുക്കിയിട്ടുള്ളത്‌.