ടിപി വധക്കേസ് ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമെന്ന് പിണറായി

single-img
5 February 2014

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. കേരളരക്ഷാ മാര്‍ച്ചിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഫാസിസ്റ്റുകള്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്.നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയെ എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ചുകൊണ്ടാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. സി.ബി.ഐ അന്വേഷണത്തില്‍ സി.പി.എമ്മിന് ആശങ്കയില്ല. രാജ്യത്തെ നിയമ വ്യവസ്ഥ അനുസരിച്ച് വിധി വന്ന ഒരു കേസില്‍ മറ്റൊരു ഏജന്‍സിക്ക് അന്വേഷിക്കാനാവില്ല. സി.പി.എമ്മിനെ ലക്ഷ്യമിട്ട് നടക്കുന്ന ഈ ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും പിണറായി പറഞ്ഞു.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കോടതി വിധി വന്ന് കഴിഞ്ഞാല്‍ കോടതി വിധി തൃപ്തികരമല്ലെങ്കില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകും. കോടതി തങ്ങളെ ശിക്ഷിച്ചത് ശരിയല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ടവര്‍ അപ്പീല്‍ പോകുകയാണ് വേണ്ടത്.അപ്പീലില്‍ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. എന്നാല്‍ ടി.പി കേസില്‍ സി.പി.ഐ.എം എന്ന പാര്‍ട്ടിയെ കുറ്റവിമുക്തമാക്കി എന്ന് വന്നപ്പോള്‍ പൊരുത്തപ്പെടാന്‍ യു.ഡി.എഫിന് ആവുന്നില്ലെന്നും അതിന്റെ ഭാഗമാണ് സി.ബി.ഐ അന്വേഷണമെന്നും പിണറായി പറഞ്ഞു.

കെ.കെ.രമയുടെ നിരാഹാരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് വി.എസ് അച്യുതാനന്ദന്റേതും, ടി.പി കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയ ഗൂഢാലോചനയുടെ കരുക്കളാക്കി. ടി.പി വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്നത്തെ ഡി.ജി.പി തന്നെയാണ് പറഞ്ഞത്. പിന്നീട് പാര്‍ട്ടിയെ കുടുക്കാന്‍ തിരുവഞ്ചൂര്‍ അടക്കമുള്ളവര്‍ ശ്രമിച്ചു. അങ്ങനെയാണ് പൂക്കടയില്‍ ഗൂഢാലോചന നടന്നെന്ന കഥ കെട്ടിച്ചമച്ച് പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

സി.പി.ഐ.എം നീക്കങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ ഹലേലൂയ പാടരുത്. ജനാധിപത്യ വിശ്വാസികളുടെ നിലപാട് ഇവിടെ പ്രസക്തമാണ്. പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങള്‍ ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.