ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചു അധ്യാപികമാര്‍ കളക്ട്രേറ്റ് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി

single-img
30 January 2014

കല്‍പ്പറ്റ: മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിലെ മൂന്ന് പ്രീപ്രൈമറി അധ്യാപികമാര്‍ വയനാട് കലക്ടറേറ്റിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി.

ഇന്ന് രാവിലെയാണ് സുജാത, ഉഷ, പ്രതിഭ എന്നീ അധ്യാപികമാര്‍ കലക്ടറേറ്റ് വളപ്പിലെ കെട്ടിടത്തിന്റെ മുകളില്‍ കയറിയത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഒരു വിഭാഗം പ്രീപ്രൈമറി അധ്യാപികമാര്‍ക്ക് ഓണറേറിയം നല്‍കുന്നില്ലെന്നാണ് അധ്യാപകരുടെ പരാതി.അതിനിടെ ആത്മഹത്യാ ഭീഷണി മുഴക്കിയ അധ്യാപികമാരില്‍ ഒരാള്‍ തലകറങ്ങി കെട്ടിടത്തില്‍ വീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരും ഇവര്‍ക്കൊപ്പം ആശുപത്രിയില്‍ ഉണ്ട്. വയനാട് സ്വദേശികളായ ലിസി,പ്രതിഭ,സുജാത എന്നീ മൂന്നു പ്രി പ്രൈമറി ടീച്ചര്‍മാരാണ് ജീവനൊടുക്കാനായി കെട്ടിടത്തിന്‍്റെ മുകള്‍ നിലയില്‍ കയറിയത്.

കഴിഞ്ഞമാസം പ്രീപ്രൈമറി അധ്യാപകര്‍ കലക്ടറേറ്റിലെത്തി ബന്ധപ്പെട്ട ഓഫീസറെ തടഞ്ഞുവച്ചിരുന്നു. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞാണ് അന്ന് അധികൃതര്‍ അധ്യാപകരെ പിന്തിരിപ്പിച്ചത്. ഇനിയും ശമ്പളം നല്‍കിയില്ലെങ്കില്‍ രൂക്ഷമായ സമരരീതികളിലേക്ക് തിരിയുമെന്ന് അന്ന് അധ്യാപികമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിവരമറിഞ്ഞ് പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മിയും ജില്ലാ വിദ്യാഭ്യാസ അധികൃതരും എ.ഡി.എം എം.ടി മാത്യുവിന്‍്റെ നേതൃത്വത്തില്‍ മറ്റ് അധ്യാപികമാരുമായി ചര്‍ച്ച നടത്തി.അധ്യാപികമാരുടെ കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.