വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണംപോയി
28 January 2014
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ തിരുശേഷിപ്പ് മോഷണം പോയി. മധ്യ ഇറ്റലിയിലെ അബ്രൂസോ പര്‍വത പ്രദേശത്തെ ചാപ്പലില്‍ അദ്ദേഹത്തിന്റെ രക്തത്തില്‍ കുതിര്‍ന്ന തൂവാല പ്രത്യേക അരുളിക്കയിലാക്കി സൂക്ഷിച്ചിരുന്നതാണു ലാ അക്വിലാ നഗരത്തിനു സമീപമുള്ള സാന്‍ പിയെട്രോ ഡെല്ലാ ഇയെന്‍കാ ചാപ്പലില്‍ അതിക്രമിച്ചു കടന്ന മോഷ്ടാക്കള്‍ അപഹരിച്ചത്. ഒരു ക്രൂശിതരൂപവും നഷ്ടപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി നടന്ന മോഷണം പിറ്റേന്നാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പര്‍വത മേഖലയിലുള്ള ഈ ചാപ്പലിന്റെ ജനാല തകര്‍ത്താണു മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നതെന്നു ചാപ്പല്‍ സൂക്ഷിപ്പുകാരി ഫ്രാങ്കാ കൊറിയേരി പറഞ്ഞു. 2005ല്‍ കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമനെ താമസിയാതെ വിശുദ്ധനായി പ്രഖ്യാപിക്കാനിരിക്കേയാണു തിരുശേഷിപ്പ് മോഷണം പോയത്.