ബിജെപി വിട്ടവര്‍ ചൊവ്വാഴ്ച സി.പി.എമ്മിലേക്ക്; ബി.ജെ.പി നേതാക്കള്‍ കണ്ണൂരില്‍ തമ്പടിച്ചിരിക്കുന്നു

single-img
27 January 2014

kannur_map1ബി.ജെ.പി വിട്ടു സിപിഎമ്മില്‍ ചേരുന്ന മുന്‍ ബിജെപി നേതാക്കളേയും പ്രവര്‍ത്തകരേയും ചൊവ്വാഴ്ച പാനൂരില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ബിജെപി മുന്‍ ദേശീയ സമിതിയംഗവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ ഒ.കെ. വാസു, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പ്രവര്‍ത്തകരാണ് നാളെ സി.പി.എമ്മിലേക്ക് വരുന്നത്. സിപിഎം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകുന്നേരം അഞ്ചിന് പാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു സ്വീകരണ സമ്മേളനം.

സിപിഎമ്മിലേക്കു വരുന്നവരാരും അനാഥരാവില്ലെന്നും ഈ കടന്നുവരവിനെ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും എതിര്‍ക്കുന്നത് അസഹിഷ്ണുത കൊണ്ടാണെന്നും പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലീകരിക്കപ്പെടുകയാണെന്ന സത്യം തിരിച്ചറിഞ്ഞ് ഒരു വിഭാഗം മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം.സുരേന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം പി.ഹരീന്ദ്രന്‍ എന്നിവര്‍ കുറ്റപ്പെടുത്തി.

അതിനിടെ കണ്ണൂര്‍ മേഖലയില്‍ നിന്നു കൂടുതല്‍ പേര്‍ സിപിഎമ്മില്‍ ചേരാന്‍ രംഗത്തെത്തി. ബിജെപി പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറി ശ്രീശില്‍, മുന്‍ ട്രഷറര്‍ റിജേഷ്, അഴീക്കോട് മണ്ഡലം കമ്മിറ്റിയംഗം ധീരജ് എന്നിവര്‍ കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സെക്രട്ടറി പി. ജയരാജനുമായി ചര്‍ച്ച നടത്തി. ബിജെപിയുടെ ശക്തികേന്ദ്രമായ തളാപ്പ് അമ്പാടിമുക്കിലെ നൂറോളം വരുന്ന പ്രവര്‍ത്തകര്‍ ഇവര്‍ക്കൊപ്പം സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചതായി ശ്രീശില്‍ പറഞ്ഞു.

ഇതേസമയം പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ കണ്ണൂരില്‍ തമ്പടിച്ച് വീടുകയറി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബിജെപി അഖിലേന്ത്യാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, അഡ്വ. രത്‌നാകരന്‍, ആര്‍എസ്എസ് ജില്ലാ നേതാവ് വി. ശശിധരന്‍ എന്നിവര്‍ ബിജെപിയുടെ ശക്തികേന്ദ്രമായ ചെറുവാഞ്ചേരി മേഖലയില്‍ ഗൃഹസന്ദര്‍ശനം നടട്ടുകയാണ്. ബി.െജ.പി മുന്‍ജില്ലാ സെക്രട്ടറി എ. അശോകന്റെ നേതൃത്വത്തില്‍ ഇവിടെ നിന്നു ആയിരത്തിലധികം പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്കു പോകാനൊരുങ്ങുന്നവാര്‍ത്ത സംസ്ഥാന നേതൃത്വത്തെ പിടിച്ചുലച്ചിട്ടുണ്ട്.