ആം ആദ്മി ധര്‍ണ്ണ : കെജ്രിവാളിനെ പോലീസ് തടഞ്ഞു

single-img
20 January 2014

ഡല്‍ഹിയില്‍ ആം ആദ്മിയുടെ  ധര്‍ണ്ണയ്ക്കെത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പോലീസ് തടഞ്ഞു.റെയില്‍ ഭവന് മുന്നിലാണ് കേജ്രിവാളിനെ പോലീസ് തടഞ്ഞത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലീസ് കെജരിവാളിനെ അനുവദിച്ചില്ല.സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാളിനെ പോലീസ് തടഞ്ഞുവെച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനം നടക്കുകയാണെന്നും അത് കഴിയുന്നത് വരെ കാത്തിരിക്കണമെന്നുമായിരുന്നു പോലീസിന്റെ നിര്‍ദ്ദേശം. എന്നാല്‍ 12 മണിക്ക് പരിശീലനം അവസാനിച്ചിട്ടും പോലീസ് കെജ്‌രിവാളിനെ തടഞ്ഞുവെച്ചിരിക്കുകയാണ്.

ദക്ഷിണ ഡല്‍ഹിയില്‍ മയക്കുമരുന്ന്, വേശ്യാസംഘത്തിനെതിരെ നടപടിയെടുക്കുന്നതില്‍ നിയമമന്ത്രി സോമനാഥ് ഭാരതിയോട് സഹകരിക്കാത്ത പോലീസികാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ ഇന്നു ധര്‍ണ നടത്തുമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്റെ ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ ന്യൂഡല്‍ഹിയില്‍ പോലീസ്‌ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു.

ക്ഷമയോടെ, അന്വേഷണം അവസാനിക്കുന്നത് വരെ കാത്തിരിക്കണമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടു.അതേസമയം റെയില്‍ ഭവന് സമീപം കാവിത്തൊപ്പി ധരിച്ചെത്തിയ ആളുകള്‍ കെജ്‌രിവാള്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്.