ആഫ്രിക്കന്‍ യുവതികളെ അപമാനിച്ച സംഭവം : എ എ പി മന്ത്രി സോമനാഥ ഭാരതിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

single-img
19 January 2014

somnath bhartiദല്‍ഹി നിയമമന്ത്രി സോമനാഥ ഭാരതിക്കെതിരെ വംശീയ അധിക്ഷേപത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസെടുക്കാന്‍ ദല്‍ഹി പോലീസിനോട് കോടതിയുടെ  നിര്‍ദ്ദേശം. ആഫ്രിക്കന്‍ യുവതിയുടെ പരാതിയിന്മേല്‍ ദല്‍ഹി ഹൈക്കോടതി ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.പെണ്‍വാണിഭ-മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങള്‍ ആണെന്നാരോപിച്ചു  മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടമാളുകള്‍ തങ്ങളെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും ചെയ്തു എന്നാണു പരാതി .തങ്ങള്‍ ഒരു പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു എന്നും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നത് യൂണിഫോം ഇടാത്ത ആളുകള്‍ ആയിരുന്നു എന്നും ഉഗാണ്ടയില്‍ നിന്നുള്ള ഒരു യുവതി പറഞ്ഞു.

ഡല്‍ഹിയിലെ ഖിര്‍ക്കി എക്സ്ടന്ഷനില്‍ ഉള്ള ഒരു കെട്ടിടത്തില്‍ അനാശാസ്യവും മയക്കുമരുന്ന് വ്യാപാരവും നടക്കുന്നു എന്നാരോപിച്ചാണ് പോലീസിനോട് റെയ്ഡ് നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടത്.ഇത് പോലീസ് നിരാകരിച്ചതിനെത്തുടര്‍ന്നു പോലീസും മന്ത്രിയുമായി വഴിയരുകില്‍ വെച്ച് വാക്കേറ്റമുണ്ടായി.എന്നാല്‍ നൈജീരിയക്കാരായ ആളുകള്‍ ഉള്‍പ്പെടുന്ന സെക്സ് -മയക്കുമരുന്ന് റാക്കറ്റ് ഈ കെട്ടിടത്തിനുള്ളില്‍  പ്രവര്‍ത്തിക്കുന്നു എന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് താന്‍ ഇവിടെ റെയ്ഡ് നടത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടത് എന്നായിരുന്നു  മന്ത്രിയുടെ വാദം.

സംഭവത്തില്‍ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള ആഫ്രിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുകയും കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്നദ്ദേഹം എംബസി ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കി.