സദാചാര പോലീസിംഗിന്റെ എ എ പി മോഡല്‍ : മന്ത്രിക്കെതിരെ ആഫ്രിക്കന്‍ യുവതികളുടെ പരാതി

single-img
18 January 2014

പോലീസിനെ വെല്ലുവിളിച്ചു നിരത്തിലിറങ്ങി നിയമം നടപ്പാക്കാന്‍ ശ്രമിച്ച ആപ് മന്ത്രി ഒടുവില്‍ ആപ്പിലായി. ആഫ്രിക്കന്‍ വംശജരായ ആറു യുവതികളെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു എന്നാരോപിച്ച് ദല്‍ഹി നിയമമന്ത്രി സോമനാഥ് ഭാരതിക്കെതിരെ മനുഷ്യാവകാശക്കമ്മിഷനില്‍ പരാതി ലഭിച്ചു.പെണ്‍വാണിഭ-മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങള്‍ ആണെന്നാരോപിച്ചു  മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടമാളുകള്‍ തങ്ങളെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും പൊതുജനമധ്യത്തില്‍ അവഹേളിക്കുകയും ചെയ്തു എന്നാണു പരാതി .

വാറന്റില്ലാതെ റെയ്ഡ് നടത്തണം എന്നാവശ്യപ്പെട്ട് ഈ വിഷയത്തില്‍ പോലീസും നിയമമന്ത്രിയും തമ്മിലുണ്ടായ വാക്കേറ്റം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഡല്‍ഹിയിലെ ഖിര്‍ക്കി എക്സ്ടന്ഷനില്‍ ഉള്ള ഒരു കെട്ടിടത്തില്‍ അനാശാസ്യവും മയക്കുമരുന്ന് വ്യാപാരവും നടക്കുന്നു എന്നാരോപിച്ചാണ് പോലീസിനോട് റെയ്ഡ് നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടത്.ഇത് പോലീസ് നിരാകരിച്ചതിനെത്തുടര്‍ന്നു പോലീസും മന്ത്രിയുമായി വഴിയരുകില്‍ വെച്ച് വാക്കേറ്റമുണ്ടായി.എന്നാല്‍ നൈജീരിയക്കാരായ ആളുകള്‍ ഉള്‍പ്പെടുന്ന സെക്സ് -മയക്കുമരുന്ന് റാക്കറ്റ് ഈ കെട്ടിടത്തിനുള്ളില്‍  പ്രവര്‍ത്തിക്കുന്നു എന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് താന്‍ ഇവിടെ റെയ്ഡ് നടത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടത് എന്നായിരുന്നു  മന്ത്രിയുടെ വാദം.

തങ്ങള്‍ ഒരു പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു എന്നും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നത് യൂണിഫോം ഇടാത്ത ആളുകള്‍ ആയിരുന്നു എന്നും ഉഗാണ്ടയില്‍ നിന്നുള്ള ഒരു യുവതി പറഞ്ഞു.  അതിന് ശേഷമാണ് തങ്ങളെ പൊലീസിന് കൈമാറിയത്. തടഞ്ഞുവെക്കപ്പെട്ടവരില്‍ ഒരു വനിത തനിക്ക് മൂത്രമൊഴിക്കാനുണ്ടെന്നറിയിച്ചിട്ടും കക്കൂസില്‍ പോകാനനുവദിക്കാതെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ മൂത്രമൊഴിക്കാന്‍ മന്ത്രിയും സംഘവും നിര്‍ബന്ധിപ്പിച്ചെന്ന് ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആരോപിച്ചു.

പെണ്‍വാണിഭ-മയക്കുമരുന്നു സംഘമുണ്ടെന്ന പരാതിയില്‍ പരിശോധന നടത്താന്‍ സോമനാഥ് ഭാരതി പൊലീസിന് നിര്‍ദേശം നല്‍കിയെങ്കിലും ആവശ്യം പൊലീസ് തള്ളുകയായിരുന്നു. യുവതിക്കെതിരെ വാറണ്ടൊന്നും ലഭിച്ചിട്ടില്ലെന്നും രാത്രി വൈകി വനിതാ പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ യുവതികളടക്കമുള്ള സംഘത്തെ പരിശോധിക്കാനാവില്ലെന്നുമായിരുന്നു പൊലീസിന്റെ നിലപാട്. മന്ത്രിയുടെ നിര്‍ദേശം തള്ളിയത് വന്‍ വിവാദമായതോടെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജുങ് സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.തുടര്‍ന്ന് വനിതാ പൊലീസ് വരുന്നതുവരെ പോകാനനുവദിക്കാതെ ഇവരെ മൂന്നു മണിക്കൂറോളം കാറില്‍ തന്നെ തടഞ്ഞു നിര്‍ത്തുകയും വനിതാ പൊലീസെത്തിയ ശേഷം ഇവരെ ഡല്‍ഹിയിലെ എഐഐഎംഎസില്‍ കൊണ്ടു പോയി പരിശോധിക്കുകയുമായിരുന്നു. എന്നാല്‍ പരിശോധനയില്‍ മയക്കു മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്താനാവാത്തതിനാല്‍ രാവിലെ ആറുമണിയോടെ ഇവരെ വിട്ടയക്കുകയായിരുന്നു.