ഒളിക്കാമറ ഓപ്പറേഷൻ : മൂന്ന് ഉദ്യോഗസ്ഥർ കുടുങ്ങി

single-img
13 January 2014
delhi-city-mapsഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആഹ്വാനം പ്രകാരം ജനങ്ങൾ നടത്തുന്ന ഒളിക്കാമറ ഓപ്പറേഷനിൽ മൂന്ന് ഉദ്യോഗസ്ഥർ കുടുങ്ങി. കുടുങ്ങിയവരിൽ രണ്ടു പേർ പൊലീസ് ഉദ്യോഗസ്ഥരാണ്. ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.
വഴിയോര കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ജനക്‌പുരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സന്ദീപ്, ഈശ്വർ സിംഗ് എന്നിവരാണ് കുടുങ്ങിയത്. തന്നിൽ നിന്ന് പണം വാങ്ങുന്ന ദൃശ്യം കച്ചവടക്കാരൻ തന്നെ കാമറയിൽ പകർത്തി വിജിലൻസിന് കൈമാറുകയായിരുന്നു.മറ്റൊരു സംഭവത്തിൽ സബ് രജിസ്റ്റ്രാർ ഓഫീസിലെ അസിസ്റ്റന്റ് രജിസ്റ്റ്രാർ കൈക്കൂലി വാങ്ങവേ ഒളിക്കാമറയിൽ കുടുങ്ങി. എന്നാൽ ഇയാൾ ഒളിവിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.സര്‍ക്കാര്‍ ജീവനക്കാര്‍ കൈക്കൂലി ആവശ്യപ്പെട്ടാൽ അത് നൽകിയ ശേഷം ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിച്ച് അറിയിച്ചാൽ നടപടിയെടുക്കുമെന്ന് കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.എന്നാൽ അതേസമയം തന്നെ മുഖ്യമന്ത്രി കേജ്‌രിവാളിന്റെ ആഹ്വാനത്തെ തുടർന്ന് ഒളി കാമറകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ് ജനം. കഴിഞ്ഞ ദിവസങ്ങളിൽ കാമറകളുടെ വിൽപ്പനയിൽ കുതിച്ചുകയറ്റം തന്നെ ഉണ്ടായതായി വ്യാപാരികൾ പറയുന്നു.
400 മുതല്‍ 30,000 രൂപ വരെയുള്ള കാമറകളും അനുബന്ധ ഉപകരണങ്ങളും വിപണിയിലുണ്ട്. വാച്ച്, പേന, കീ ചെയിന്‍, പെൻ ഡ്രൈവ്, കൂൾ ഗ്ളാസ് എന്നിവയിൽ ഘടിപ്പിച്ചിട്ടുള്ള രഹസ്യ കാമറകൾക്കാണ് കൂടുതൽ ഡിമാന്റ്.സ്ത്രീകളാകട്ടെ നെക്‌ലേസ്, കമ്മല്‍ തുടങ്ങിയ ആഭരണങ്ങളിൽ രഹസ്യകാമറ വയ്‌ക്കാനാണ് താത്പര്യപ്പെടുന്നത്. ആഭരണങ്ങളിൽ കാമറ ഘടിപ്പിക്കുന്നതിന്  8,000 മുതല്‍ 50,000 രൂപ വരെ ചെലവു വരും.