കാഷ്മീരില്‍ വീണ്ടും നുഴഞ്ഞുകയറ്റം; നാല് തീവ്രവാദികളെ വധിച്ചു

single-img
5 October 2013

Pakistan_Border_1212219cജമ്മു കാഷ്മീരിലെ കെരാന്‍ സെക്ടറില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമം സൈന്യം പരാജയപ്പെടുത്തി. നാല് തീവ്രവാദികളെ സൈന്യം വധിച്ചു. കെരാന്‍ സെക്ടറിലെ ഷാലാ-ബാതു ഗ്രാമത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ഫത്തേഗലിയിലായിരുന്നു ഏറ്റുമുട്ടല്‍. ഇവരില്‍ നിന്നു ആറു എകെ 47 തോക്കുകളും 16 പിസ്റ്റണുകളും മറ്റു സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പാക്കിസ്ഥാനില്‍ നിന്നുള്ള നാല്‍പതോളം തീവ്രവാദികള്‍ കെരാന്‍ സെക്ടറില്‍ നുഴഞ്ഞുകയറിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടി സൈന്യം തെരച്ചില്‍ തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ആള്‍ത്താമസമില്ലാത്ത വീടുകളില്‍ ക്യാമ്പ് ചെയ്താണ് സൈന്യവുമായി തീവ്രവാദികള്‍ ഏറ്റുമുട്ടിയത്. നുഴഞ്ഞുകയറിയ തീവ്രവാദികളില്‍ ഭൂരിഭാഗം പേരും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇതിനിടെയാണ് ഇന്നു രാവിലെ വീണ്ടും നുഴഞ്ഞുകയറ്റമുണ്ടായത്. ജമ്മു കാഷ്മീരില്‍ കാര്‍ഗിലിലെപ്പോലെയുള്ള സ്ഥിതിഗതികളില്ലെന്നും കെരാനിലെ സൈനിക നടപടി അവസാന ഘട്ടത്തിലാണെന്നും കരസേനാ മേധാവി ബിക്രം സിംഗ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയില്‍ തീവ്രവാദി നുഴഞ്ഞുകയറ്റം രൂക്ഷമായതിനാല്‍ സൈന്യം അതീവ ജാഗ്രതയിലാണ്. സെപ്റ്റംബര്‍ 24ന് ശേഷം കെരാന്‍ സെക്ടറിലെ ഗുഗുല്‍ധറില്‍ നുഴഞ്ഞുകയറിയ രണ്ടു തീവ്രവാദികളെ വെടിവച്ചു കൊന്നതായി കരസേനാ മേധാവി അറിയിച്ചു.