ഇന്ദിരാ ഗാന്ധി രാജ്ഭാഷാ പുരസ്‌കാരം: എച്ച്എല്‍എല്‍ ലൈഫ് കെയറിന് ഒന്നാം സ്ഥാനം

single-img
23 September 2013
HLL CMD receives the award from the President പ്രശസ്തമായ ഇന്ദിരാ ഗാന്ധി രാജ്ഭാഷാ പുരസ്‌കാരം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്. ഔദ്യോഗിക ഭാഷാപദ്ധതി ഫലപ്രദമായി നടപ്പാക്കിയതിനുള്ള ആദരവാണ് ഈ പുരസ്‌കാരം. എട്ടാം തവണയാണ് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനു ഈ പുരസ്‌കാരം ലഭിക്കുന്നത്. ഇതിലെ ഹിന്ദി മാതൃഭാഷയോ പ്രധാന ഭാഷയോ അല്ലാത്ത സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണു എച്ച്എല്‍എല്‍ നേട്ടം ആവര്‍ത്തിച്ചത്. ഈ മാസം 14നു ന്യൂ ഡല്‍ഹിയില്‍ നടന്ന ഹിന്ദി ദിവസ് ആഘോഷച്ചടങ്ങില്‍ രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജിയില്‍ നിന്ന് എച്ച്എല്‍എല്‍ സിഎംഡി ഡോ. എം അയ്യപ്പന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി  ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര സഹമന്ത്രി ശ്രീ ആര്‍ പി എന്‍ സിങ്, ആഭ്യന്തര സെക്രട്ടറി ശ്രീ അരുണ്‍ കുമാര്‍ ജയിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
     കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാ നയത്തെ പ്രോല്‍സാഹിപ്പിക്കുന്ന നേട്ടങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പും ഔദ്യോഗിക ഭാഷാ വകുപ്പും ചേര്‍ന്നു നല്‍കുന്നതാണ് രാജ്ഭാഷാ പുരസ്‌കാരങ്ങള്‍.രാഷ്ട്രപതിയാണ് വര്‍ണാഭമായ ചടങ്ങില്‍ എല്ലാ വര്‍ഷവും ഇതു സമ്മാനിക്കുന്നത്. 1949 സെപ്റ്റംബര്‍ 14നു ഹിന്ദി ഔദ്യോഗിക ഭാഷയായി ഭരണഘടനാ സഭ പ്രഖ്യാപിച്ചതിന്റെ വാര്‍ഷികമാണ് എല്ലാ വര്‍ഷവും ഹിന്ദി ദിവസ് ആയി രാജ്യവ്യാപകമായി ആഘോഷിക്കുന്നത്.
     ജീവനക്കാര്‍ക്കിടയില്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കി മാറ്റുന്നതിന് തീവ്രശ്രമങ്ങള്‍ നടത്തിയാണ് എച്ച്എല്‍എല്‍ വിജയം നേടിയത്. ഇംഗ്ലീഷില്‍ എഴുതിയും പഠിപ്പിച്ചും ഹിന്ദി കരഗതമാക്കുന്നതിനു കമ്പനിയുടെ ഇന്റേണല്‍ മെസ്സഞ്ചര്‍ സിസ്റ്റം വഴി സംവിധാനമൊരുക്കി. ദിവസവും ഒരു വാക്കു ഹിന്ദിയില്‍ പഠിക്കുന്നതിനുള്ള പഠന പദ്ധതി കമ്പനി നടപ്പാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ പ്രധാന നേട്ടങ്ങളും വികസന വിവരങ്ങളും അടങ്ങുന്നന പ്രസിദ്ധീകരണങ്ങളും ഹിന്ദിയില്‍ പുറത്തിറക്കുന്നുണ്ട്. ഹിന്ദി സിനിമകളുടെ ലൈബ്രറിതന്നെ സ്ഥാപിച്ച് ജീവനക്കാര്‍ക്ക് സിഡികള്‍ വിതരണം ചെയ്തും ഭാഷാ പഠനത്തെ സഹായിക്കുന്നു. ഹിന്ദി സംഭാഷണം എളുപ്പത്തിലാക്കാന്‍ സ്‌പോക്കണ്‍ ഹിന്ദി കോഴ്‌സ്, ഹിന്ദി പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുക എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. ഔദ്യോഗിക ആശയ വിനിമയങ്ങള്‍ക്കും ബിസിനസ് കാര്‍ഡുകള്‍ക്കും പത്രക്കുറിപ്പുകള്‍ക്കും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ക്കും മറ്റും ഹിന്ദി ഉപയോഗിക്കുന്ന സ്ഥാപനമാണ് എച്ച്എല്‍എല്‍.
       നിലവിലെ ജീവനക്കാര്‍ക്ക് എല്ലാ മാസവും ഹിന്ദി പഠന ക്ലാസ് നല്‍കുന്നതിനു പുറമേ പുതിയ ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രത്യേക ക്ലാസും നല്‍കാറുണ്ട്. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി എല്ലാ വര്‍ഷവും ഹിന്ദി പക്ഷാചരണവും ഭാഷയുമായി ബന്ധപ്പെട്ട മല്‍സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഹിന്ദി പ്രചാരസഭയും ടൗണ്‍ ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും നടത്തുന്ന മല്‍സരങ്ങളിലും എച്ച്എല്‍എല്‍ ജീവനക്കാര്‍ പങ്കെടുക്കാറുണ്ട്. കമ്പനി റിക്രിയേഷന്‍ ക്ലബ് വാര്‍ഷികാഘോഷത്തോട് അനുബന്ധമായി ഹിന്ദി മേളയും നടത്താറുണ്ട്. ജീവനക്കാരും അവരുടെ കുട്ടികളും പങ്കെടുത്ത ഹിന്ദി മ്യൂസിക് നൈറ്റ് ആണ് മേളയുടെ പ്രധാന ആകര്‍ഷണം.
      ഹിന്ദി പ്രസംഗ, പ്രഭാഷണ പരിപാടിയാണ് ഹിന്ദി പ്രോല്‍സാഹിപ്പിക്കാനുള്ള മറ്റൊരു ശ്രദ്ധേയമായ ശ്രമം. കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് ഹിന്ദി സെമിനാറുകള്‍ സംഘടിപ്പിക്കാറുമുണ്ട്. ഹിന്ദി പഠിപ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് ബോര്‍ഡുകള്‍ സംഭാവന ചെയ്യുകയും ഹിന്ദി വാക്കുകളുടെ ഓര്‍മ പരിശോധനയ്ക്ക് പ്രത്യേക ദിവസം സംഘടിപ്പിക്കുകയുമൊക്കെ ചെയ്യുന്നതും എച്ച്എല്‍എല്ലിന്റെ ഹിന്ദിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. കമ്പനിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സ്‌പോക്കണ്‍ ഹിന്ദി ക്ലാസുകളുും മല്‍സരങ്ങളും നടത്തുന്നത് വലിയ ഫലമാണ് ഈ രംഗത്തുണ്ടാക്കുന്നത്.