ബോ സിലായിക്കു ജീവപര്യന്തം ശിക്ഷ

single-img
23 September 2013

Bo-Xilai-Verdictചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് ബോ സിലായിക്കു ജീവപര്യന്തം ശിക്ഷ. അഴിമതി, കൈക്കൂലി വാങ്ങല്‍, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തി ബോ സിലായിക്കെതിരേ ജിനാനിലെ ഇന്റര്‍മീഡിയെറ്റ് പീപ്പിള്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. ബോ സിലായിയുടെ സ്വകാര്യസ്വത്തുകള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടതായി കോടതിയുടെ ഒദ്യോഗിക ബ്ലോഗിലെ രേഖകള്‍ വ്യക്തമാക്കുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നു വിചാരണവേളയില്‍ മുന്‍ പോളിറ്റ്ബ്യൂറോ അംഗവും ചോങ്കിംഗ് നഗരത്തിന്റെ തലവനുമായ ബോ സിലായി കോടതിയില്‍ പറഞ്ഞിരുന്നു. പോലീസ് മേധാവികളുടെ അകമ്പടിയോടെയാണ് ഞായറാഴ്ച രാവിലെ ബോ സിലായിയെ കോടതിയിലെത്തിച്ചത്. തുടര്‍ന്ന് ദൈര്‍ഘ്യമേറിയ വിധിന്യായം ജഡ്ജി വായിച്ചുകേള്‍പ്പിക്കുകയായിരുന്നു. നൂറുകണക്കിനു പോലീസുകാര്‍ കോടതി പരിസരത്തു നിലയുറപ്പിച്ചിരുന്നു.