രഞ്ജിത് മഹേശ്വരിക്ക് അര്‍ജുനയില്ല

single-img
19 September 2013

renjith-maheswariഇന്ത്യയുടെ ലോംഗ്ജംപ് താരവും മലയാളിയുമായ രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന പുരസ്‌കാരം നല്‍കേണ്‌ടെന്ന് കേന്ദ്ര കായികമന്ത്രാലയം തീരുമാനിച്ചു. വിശദമായ കൂടിയാലോചനകള്‍ക്കു ശേഷമാണ് മന്ത്രാലയം തീരുമാനം വ്യക്തമാക്കിയത്. 2008 ല്‍ കൊച്ചിയില്‍ നടന്ന ഓപ്പണ്‍ നാഷണല്‍ മീറ്റില്‍ വെച്ച് നടത്തിയ ഉത്തേജക മരുന്നു പരിശോധനയില്‍ രഞ്ജിത് പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മൂന്നു മാസത്തെ സസ്‌പെന്‍ഷനും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പുരസ്‌കാരത്തിന് അര്‍ഹനായിരുന്നെങ്കിലും ഇക്കാര്യം ചൂണ്ടിക്കാട്ടി രഞ്ജിത്തിന് പുരസ്‌കാരം നല്‍കുന്നത് നേരത്തെ മരവിപ്പിച്ചിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം പുരസ്‌കാരം നല്‍കിയാല്‍ മതിയെന്നായിരുന്നു കായികമന്ത്രി ജിതേന്ദ്ര സിംഗിന്റെ നിര്‍ദേശം. ഔദ്യോഗികമായി പ്രഖ്യാപിച്ച പുരസ്‌കാരം പിന്നീട് നല്‍കാതിരുന്നതിനെതിരേ വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു.