അശോക് സിംഗാളിനെയും ആയിരത്തോളം അനുയായികളെയും മോചിപ്പിച്ചു

single-img
27 August 2013

Ashok Singhal11111--621x414--621x414അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ആഹ്വാനവുമായി പദയാത്ര നടത്താനെത്തി അറസ്റ്റിലായ മുതിര്‍ന്ന വിഎച്ച്പി നേതാവ് അശോക് സിംഗാളിനെയും ആയിരത്തോളം അനുയായികളെയും മോചിപ്പിച്ചു. അലാഹാബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ചിന്റെ വിധിയെത്തുടര്‍ന്നാണു സിംഗാളിന്റെയും അനുയായികളുടെയും മോചനം. അയോധ്യയിലേക്കു നിശ്ചയിച്ചിരുന്ന പരിക്രമയാത്രയില്‍ പങ്കെടുക്കാനെത്തിയ സിംഗാളിനെ ഞായറാഴ്ച ലക്‌നോ വിമാനത്താവളത്തില്‍നിന്നാണു കസ്റ്റഡിയിലെടുത്തത്. ഇതോടൊപ്പം 2500 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരെയും പിടികൂടിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ മറ്റു മുതിര്‍ന്ന നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, രാം വിലാസ് വേദാന്തി, മുന്‍ ബിജെപി എംഎല്‍എ ലല്ലു സിംഗ് തുടങ്ങിയവരെ റിമാന്‍ഡ് ചെയ്ത് എട്ടായിലെ ജയിലിലാക്കി. സിംഗാളിന്റെ സാന്നിധ്യം ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കില്ലെന്ന നിഗമനത്തെത്തുടര്‍ന്നാണു മോചനം. മോചിതനായ സിംഗാള്‍ ഡല്‍ഹിയിലേക്കു തിരിച്ചുവെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി സര്‍വേഷ് അറിയിച്ചു. വിവിധ ജില്ലകളില്‍നിന്ന് അറസ്റ്റിലായ 2,454 പേരില്‍ 958 പേരെ മോചിപ്പിച്ചു. അതതു ജില്ലാ മജിസ്‌ട്രേറ്റുമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിതെന്നും ആഭ്യന്തര സെക്രട്ടറി വിശദീകരിച്ചു.