ആഷസ്; അവസാന ടെസ്റ്റ് സമനിലയില്‍
പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരം സമനിലയില്‍ കലാശിച്ചതോടെ ഇംഗ്ലണ്ട് തുടര്‍ച്ചയായി മൂന്നാം തവണയും ആഷസ് കപ്പില്‍ മുത്തമിട്ടു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരില്‍ 3-0ന്റെ ആധികാരിക വിജയമാണ് ഇംഗ്ലീഷ് ടീം സ്വന്തമാക്കിയത്. 1950നു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ തുടര്‍ച്ചയായ മൂന്നു പരമ്പരകളില്‍ മുത്തമിടുന്നത്. 1977നു ശേഷം ആദ്യമായാണ് ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയ ഒരു ജയം പോലും നേടാതിരിക്കുന്നത്. അവസാനം കളിച്ച ഒന്‍പതു ടെസ്റ്റ് മത്സരങ്ങളില്‍ ഓസീസിന് ഒരു ജയം പോലും നേടാനായിട്ടില്ല. ഒന്നാം ഇന്നിംഗ്സില്‍ 115 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയില്‍ കളി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 227ന്റെ വിജയലക്ഷ്യം നല്കി വെല്ലുവിളിച്ച ഓസീസിനെ വിറപ്പിച്ചശേഷമാണ് ഇംഗ്ലണ്ട് സമനില വഴങ്ങിയത്. 206 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലെത്തി ഇംഗ്ലണ്ട് ജയത്തിലേക്കു കുതിക്കുമ്പോഴാണ് കളിയുടെ രസം കെടുത്തിക്കൊണ്ട് വെളിച്ചുക്കുറവുണ്ടായത്. 24 പന്തില്‍ അഞ്ചു വിക്കറ്റുകള്‍ കൂടി ശേഷിക്കേ ഇംഗ്ലണ്ടിനു ജയിക്കാന്‍ വെറും 21 റണ്‍സ് മതിയായിരുന്നു. വെളിച്ചക്കുറവു കാരണം കളി അവസാനിപ്പിച്ചതായി അമ്പയര്‍മാര്‍ പ്രഖ്യാപിക്കുകയായിരുന്നു.