സരിത ആദ്യം നല്‍കിയത് 21 പേജുള്ള മൊഴിയെന്ന് ജയില്‍സൂപ്രണ്ട്; വെളിപ്പെടുത്തലുമായി കെ. സുരേന്ദ്രന്‍

single-img
21 August 2013

Sarithaസംസ്ഥാന സര്‍ക്കാരിനെതന്നെ പ്രതിസന്ധിയിലാക്കിയ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത. എസ് നായര്‍ ആദ്യം അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന് നല്‍കിയ മൊഴി 21 പേജുകള്‍ വരുന്നതാണെന്ന് ജയില്‍ സൂപ്രണ്ട്. സരിതയെ പാര്‍പ്പിച്ചിരുന്ന പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വിവരാവകാശ രേഖ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പുറത്തുവിട്ടത്.

സരിത 21 പേപ്പറുകള്‍ ഉള്ള കുറിപ്പാണ് അഭിഭാഷകന് നല്‍കിയതെന്നും ഇതിന്റെ പകര്‍പ്പ് എടുത്തു സൂക്ഷിക്കാന്‍ ജയില്‍ചട്ടങ്ങള്‍ അനുവദിക്കാത്തതിനാല്‍ പകര്‍പ്പ് സൂക്ഷിച്ചിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കുന്നു. ഈ മൊഴി സരിത പറഞ്ഞതിന്‍ പ്രകാരം താന്‍ കീറിക്കളഞ്ഞതായി അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പകരം കോടതി നിര്‍ദേശപ്രകാരം രണ്ടാമത് സരിത എഴുതി നല്‍കിയ നാലു പേജുള്ള പരാതി മാത്രമാണ് നിലനില്‍ക്കുന്നതെന്നും അതില്‍ സരിത ഉറച്ചുനില്‍ക്കുകയാണെന്നും ഫെന്നി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ ആദ്യം 21 പേജുള്ള മൊഴി നല്‍കിയിരുന്നില്ലെന്നും അത്തരം വാര്‍ത്തകള്‍ കളവാണെന്നുമുള്ള നിലപാടിലായിരുന്നു സര്‍ക്കാരും കോണ്‍ഗ്രസ് വൃത്തളും. ജയില്‍ സൂപ്രണ്ടിന്റെ മറുപടിയിലൂടെ സര്‍ക്കാരിന്റെ വാദം കളവാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ ആദ്യം തയാറാകാതിരുന്ന കൊച്ചിയിലെ മജിസ്‌ട്രേറ്റും ഇതില്‍ കുറ്റക്കാരനാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സരിത നായരുടെ അമ്മയുമായും ബന്ധുക്കളുമായും ചേര്‍ന്ന് മൊഴി അട്ടിമറിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് മജിസ്‌ട്രേറ്റ് ചെയ്തത്. സരിതയുടെ മൊഴി എന്തുകൊണ്ട് അട്ടിമറിക്കപ്പെട്ടുവെന്നും ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.