സ്വപ്‌ന ടീമിനെ തെരഞ്ഞെടുക്കാന്‍ മഹിയില്ല

single-img
19 August 2013

ഇന്ത്യന്‍ ക്രിക്കറ്റിനു മഹത്തായ വിജയങ്ങള്‍ സമ്മാനിച്ച നായകനാണ്‌, എന്നാല്‍ എക്കാലത്തെയും മികച്ച ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്നൊരു ടീം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ മഹേന്ദ്ര സിങ്‌ ധോനി കൈമലര്‍ത്തും. കാരണം മറ്റൊന്നുമല്ല രാജ്യത്തിനു വേണ്ടി വിയര്‍പ്പൊഴുക്കിയ ഓരോ കളിക്കാരനും ആദരവ്‌ അര്‍ഹിക്കുന്നു എന്ന പക്ഷക്കാരനാണ്‌ ധോനി. 
“പല കാലഘട്ടത്തിലായി കളിച്ചവരെ താരതമ്യം ചെയ്യുന്നതും അവരില്‍ നിന്നും ഒരു ടീമിനെ തെരഞ്ഞെടുക്കുന്നതും പ്രയാസമേറിയ കാര്യമാണ്‌. ഞാന്‍ ഒരിക്കലും ഒരു ഡ്രീം ടീമിനെ തെരഞ്ഞെടുക്കില്ല, കാരണം ഞാന്‍ കരുതുന്നത്‌ ഇന്ത്യയ്‌ക്കു വേണ്ടി കളിച്ച എല്ലാവരെയും നാം ബഹുമാനിക്കണമെന്നാണ്‌ ” ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരവിജയങ്ങളിലേയ്‌ക്ക്‌ നയിച്ച നായകന്‍ നയം വ്യക്തമാക്കി. അടുത്ത കാലത്തായി പ്രമുഖരായ മുന്‍ ഇന്ത്യന്‍ കളിക്കാര്‍ തങ്ങളുടെ സ്വപ്‌ന ടീമിനെ തെരഞ്ഞെടുത്തതിനെ സൂചിപ്പിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌
ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച്‌ മറുപടി പറയുകയായിരുന്നു ധോനി.
കളിക്കളത്തിലെ മികവിന്റെ അടിസ്ഥാനം പ്രായമല്ലെന്നും ധോനി അഭിപ്രായപ്പെട്ടു. പ്രായത്തെക്കാള്‍ ഉപരി ഫോമും ഫിറ്റ്‌നസ്സുമാണ്‌ ഒരു കളിക്കാരന്റെ വിജയത്തില്‍ പ്രധാനം.
ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം എല്ലാ പതിപ്പുകളും പ്രധാനപ്പെട്ടതാണെന്നും ഓരോന്നും പരസ്‌പരം ഇഴചേര്‍ന്നിരിക്കുന്നുവെന്നും മഹേന്ദ്ര സിങ്‌ ധോനി പറഞ്ഞു. ഒരു പതിപ്പില്‍ നടത്തുന്ന പ്രകടനം മറ്റു പതിപ്പുകളിലും സ്വാധീനിക്കും.
തന്റെ കീഴില്‍ ടീമിന്റെ ഉപനായകനായി കളിക്കുന്ന വിരാട്‌ കോലിയെ പ്രശംസ കൊണ്ട്‌ മൂടാനും ധോനി മറന്നില്ല. “വിരാട്‌ ഒന്നാന്തരം ക്രിക്കറ്ററാണ്‌, കളിയെക്കുറിച്ച്‌ നല്ല അറിവുള്ളയാളും.ക്യാപ്‌റ്റന്‍ എന്ന നിലയിലും മികച്ച പ്രകടനമാണ്‌ വിരാടിന്റേത്‌. ശരിയായ ചേരുവകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ വിരാട്‌ കോലി. ഫീല്‍ഡില്‍ വളരെ എക്‌സ്‌പ്രസീവുമാണ്‌.” ട്വന്റി ട്വന്റി , ഏകദിന ലോകകപ്പുകളും ചാമ്പ്യന്‍സ്‌ ട്രോഫിയും രാജ്യത്തിനു സമ്മാനിച്ച ഇന്ത്യന്‍ നായകന്‍ തന്റെ പിന്‍ഗാമിയെ വിലയിരുത്തി.