ചെന്നിത്തല പഴയ ചെന്നിത്തല തന്നെ; തീരുമാനം ആന്റണിയുടെയും ഹൈക്കമാന്റിന്റേയും മുന്നില്‍

single-img
7 June 2013

ramesh chennithalaഏറെ നാളുകളായി കേരളം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം കൂടുതല്‍ സങ്കീര്‍ണമായതിനിടെ, പ്രശ്‌നപരിഹാരത്തിനു ഹൈക്കമാന്‍ഡ് വഴിതേടുന്നു. വിദേശയാത്ര കഴിഞ്ഞ് ഇന്നലെ രാത്രി തിരിച്ചെത്തിയ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഇന്നും നാളെയുമായി സോണിയാ ഗാന്ധി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി നേരിട്ടും ടെലിഫോണിലും നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷമാകും അന്തിമ തീരുമാനം.

ഉപമുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും നല്‍കേണ്ടതില്ലെന്ന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പൊതു നിലപാടും ആഭ്യന്തര വകുപ്പു ആര്‍ക്കു നല്‍കണമെന്ന തീരുമാനം മുഖ്യമന്ത്രിക്കു വിട്ടതുമാണു രമേശിന്റെ കാര്യത്തില്‍ തീരുമാനം വൈകിച്ചതെന്ന് ഉന്നത ഹൈക്കമാന്‍ഡ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ആഭ്യന്തരം വിട്ടുനല്‍കുന്നതിനോടു മുഖ്യമന്ത്രി വിയോജിപ്പു തുടര്‍ന്നാല്‍ ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരുന്നതിനുള്ള സാധ്യത ഏറെയാണ്. ആഭ്യന്തരം നല്‍കാന്‍ വിശ്വാസമില്ലെങ്കില്‍, അത്തരമൊരു മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണു ചെന്നിത്തല. പോരാത്തതിന് ആവശ്യത്തിലേറെ അവഹേളനം സഹിച്ചുകഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രമേശ് ചെന്നിത്തല ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്ച ഡല്‍ഹിയിലെത്തിയേക്കും.