ടുജി ഇടപാടില്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കൂട്ടുത്തരവാദിത്വം: രാജ

single-img
19 April 2013

K.M. Rajaരാജ്യം ഞെട്ടിയ ടുജി സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ധനമന്ത്രി പി.ചിദംബരത്തിനും ഉത്തരവാദിത്വമുണ്‌ടെന്ന് മുന്‍ മന്ത്രി എ.രാജ. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ 100 പേജ് വരുന്ന കത്ത് ജെപിസി അംഗങ്ങള്‍ക്ക് കൈമാറി. അതിനിടെ ജെപിസി രാജയില്‍ നിന്നും നേരിട്ട് തെളിവെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രംഗത്തെത്തി. ഡിഎംകെ നേതാവ് ടി.ആര്‍.ബാലുവാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 25-ന് ചേരുന്ന യോഗത്തില്‍ തന്റെ കത്ത് പരിഗണിക്കണമെന്ന് രാജ ജെപിസി അധ്യക്ഷനോട് ആവശ്യപ്പെട്ടു. തന്റെ വാദം കൂടി പരിഗണിച്ച് മാത്രമേ ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാവൂ എന്നും രാജ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അഴിമതിയില്‍ ‘ക്ലീന്‍ ചിറ്റ്’ നല്‍കിയ ജെപിസി റിപ്പോര്‍ട്ടിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു കഴിഞ്ഞു. ജെപിസി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് റിപ്പോര്‍ട്ടാണെന്ന് ബിജെപി ആരോപിച്ചു. റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് സിപിഎമ്മും സിപിഐയും വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിനെതിരേ ഡിഎംകെയും കൂടി രംഗത്തെത്തുന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാവും.