മുംബൈ സ്ഫോടന പരമ്പര: സഞ്ജയ് ദത്തിനു കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്കി
1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസില്‍ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിനു കീഴടങ്ങാനുള്ള സമയ പരിധി സുപ്രീം കോടതി നീട്ടി നല്കി. നാലാഴ്ചത്തേക്കാണു നീട്ടിയത്. സമയം നീട്ടിനല്‍കരുതെന്ന സിബിഐയുടെയും ആറ് മാസം വേണമെന്നുള്ള സഞ്ജയ് ദത്തിന്റെയും ആവശ്യം അംഗീകരിക്കാതെയാണു സുപ്രീംകോടതി നാലാഴ്ച സമയം നല്‍കിയത്. മറ്റ് പ്രതികള്‍ക്ക് ഈ വിധി ബാധകമാകില്ലെന്നും ജസ്റ്റീസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനാണു ദത്തിനു കോടതി സമയം അനുവദിച്ചത്. ഇപ്പോള്‍ ജയിലിലേക്കു പോയാല്‍ ബോളിവുഡ് സിനിമയ്ക്കു വന്‍ നഷ്ടമുണ്ടാകുമെന്ന് ദത്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. ദത്തിനെ മുന്നില്‍ കണ്ട് 270 കോടിയുടെ പ്രോജക്ടുകളാണ് ബോളിവുഡില്‍ നിലവിലുള്ളതെന്നു ചൂണ്ടിക്കാട്ടി. എന്നാല്‍, ആറ് മാസത്തെ സമയം വേണമെന്ന ആവശ്യം അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു.