ഭൂകമ്പം; ഇറാനില്‍ നൂറിലേറെപ്പേര്‍ മരിച്ചു

single-img
17 April 2013

iranഇറാനില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ നൂറിലേറെപ്പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തെക്കുകിഴക്കന്‍ ഇറാനില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്ത മരുഭൂമികളും പര്‍വതങ്ങളും നിറഞ്ഞ പ്രദേശമാണ്. ഭൂകമ്പത്തെത്തുടര്‍ന്നു വാര്‍ത്താവിനിമയ സംവിധാന ങ്ങള്‍ തകരാറിലായി. ഉത്തരേന്ത്യയിലും ഗള്‍ഫ്‌രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ പാക്കിസ്ഥാനില്‍ 21 പേര്‍ മരിച്ചു. ഇറാനില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ഭൂകമ്പമാണിത്. ഇന്ത്യന്‍ സമയം വൈകുന്നേരം 4.14ന് ഉണ്ടായ ഭൂകമ്പത്തിന്റെ കേന്ദ്രം ഭൗമോപരിതലത്തില്‍നിന്ന് 33 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. ഭൂകമ്പമുണ്ടായ ഉടന്‍ ഇറാനിലെ സാഹിദാന്‍ നഗര ത്തിലെ ജനങ്ങള്‍ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കിയിട്ടുണ്ട്. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഭൂചലനമുണ്ടായി. ഖത്തറിലും ദുബായിയിലും ജനങ്ങളെ കെട്ടിടങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. നേരത്തേ ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹിമാലയന്‍ മേഖലയില്‍ ചെറു ഭൂചലനമനുഭവപ്പെട്ടിരുന്നു.