ശബ്ദം മണിയുടേത് തന്നെ

single-img
6 April 2013

ഇടുക്കി : വിവാദമായ മണക്കാട് പ്രസംഗത്തിന്റെ വീഡിയോ സിഡിയിലെ ശബ്ദം സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടേതു തന്നെയെന്ന് പരിശോധനാ റിപ്പോര്‍ട്ട്. സിഡിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന മണിയുടെ ആരോപണത്തിനെ തുടര്‍ന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സിഡിയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് തൊടുപുഴ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കൈമാറി.

വീഡിയോ ദൃശ്യത്തിലുള്ള മണിയുടെ ചുണ്ടിന്റെ ചലനവും ശബ്ദവും ഒത്തുനോക്കുന്ന ലിപ് മൂവ്‌മെന്റ് ടെസ്റ്റും ശബ്ദപരിശോദനയുമാണ് നടത്തിയത്. പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസില്‍ മണിയ്‌ക്കെതിരായി പോലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ലിസ്റ്റ് ഉണ്ടാക്കി പാര്‍ട്ടി എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്നാണ് എം.എം.മണി മണക്കാട് പ്രസംഗത്തില്‍ പറഞ്ഞത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവസാനിപ്പിച്ച കൊലപാതക കേസുകള്‍ പോലീസ് പുനരന്വേഷണം ആരംഭിക്കുകയും മണിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.