ഒരു അഫ്‌സല്‍ഗുരു കാരണം കാശ്മീരിനു 4500 കോടിയുടെ നഷ്ടം

single-img
29 March 2013

afsalപാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെതൂക്കിലേറ്റിയതിനെത്തുടര്‍ന്ന് കാഷ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളും അവയെ നേരിടാനായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും മൂലം സംസ്ഥാനത്തിനു നഷ്ടമായത് ഏകദേശം 4500 കോടി രൂപ. കാഷ്മീരിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനംചെലുത്തുന്ന ടൂറിസവും കരകൗശലമേഖലയുമാണു കടുത്ത പ്രതിസന്ധിയിലായത്.

ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ അഫ്‌സല്‍ ഗുരുവിനെതൂക്കിലേറ്റിയത് കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ്. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 26 ദിവസം കാഷ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രതിദിനം 200 കോടിയോളം രൂപയുടെ വ്യാപാരനഷ്ടമാണ് ഇതുവഴി ഉണ്ടായതെന്ന് വ്യാപാരിസമൂഹം പറയുന്നു. ജീവനക്കാരുടെ ശമ്പളം, ബാങ്കിലും മറ്റും തിരിച്ചടയ്‌ക്കേണ്ട തുക എന്നിവ ഇക്കാലത്തും മാറ്റമില്ലാതെ തുടര്‍ന്നു. ഇതുവഴി സാമ്പത്തികച്ചെലവ് ഏറിയെന്നു കാഷ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് അബ്ദുള്‍ ഹമീദ് പഞ്ചാഭി പറഞ്ഞു.

കരകൗശലമേഖലയില്‍ മാത്രം 1700 കോടി രൂപയുടെ വ്യാപാരനഷ്ടമാണ് ഉണ്ടായത്. ടൂറിസ്റ്റുകള്‍ അകന്നുനിന്നതോടെ കരകൗശലമേഖലയില്‍ വില്പനകുത്തനെഇടിഞ്ഞു. തുടര്‍ച്ചയായി രണ്ടുവര്‍ഷം സംസ്ഥാനത്തു സമാധാനഅന്തരീക്ഷമായിരുന്നു. 2011 മുതല്‍ രണ്ടുവര്‍ഷംകൊണ്ട് 20 ലക്ഷം വിനോദസഞ്ചാരികളാണ് കാഷ്മീരിലിലെത്തിയത്. ഇതോടെ ടൂറിസംമേഖലയില്‍ ഉണര്‍വുണ്ടായി.