എം.കെ സ്റ്റാലിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്; അധികാര ദുര്‍വിനിയോഗമെന്ന് ബി.ജെ.പി

single-img
21 March 2013

stalinഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. സ്റ്റാലിന്റെ ചെന്നൈയിയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. സ്റ്റാലിന്റെ മകന്‍ നിയമവിരുദ്ധമായി വിദേശത്തു നിന്നും കാര്‍ ഇറക്കുമതി ചെയ്തതായി ആരോപണം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് റിപ്പോര്‍ട്ട്. റവന്യൂ ഇന്റലിജന്‍സും, കസ്റ്റംസും നല്‍കിയ റിപ്പോര്‍ട്ടനുസരിച്ചാണ് സിബിഐ റെയ്ഡ്.

അതേസമയം ഡിഎംകെ നേതാവ് സ്റ്റാലിന്റെ വീട്ടില്‍ നടന്ന റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമാണെന്ന് ബിജെപി പ്രസ്താവിച്ചു. ഭരണമുന്നണിയില്‍ നിന്നും പുറത്തുപോകുന്ന ഘടകകക്ഷികളുടെ വായ് മൂടാന്‍ വേണ്ടി അന്വേഷണ ഏജന്‍സിയെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും സര്‍ക്കാരിന്റെ നിലനില്‍പിന് വേണ്ടിയാണിതെന്നും പാര്‍ട്ടി വക്താവ് രാജീവ് പ്രതാപ് റൂഡി ആരോപിച്ചു. സിബിഐയെ കോണ്‍ഗ്രസ് ഉപയോഗിക്കുന്നുവെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്ന നടപടിയാണിതെന്നും സിബിഐ ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ ആയി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.