മന്ത്രി ഗണേഷ്കുമാര് പാര്‍ട്ടിക്ക് വിധേയനാകുമെന്ന് പിള്ള
മന്ത്രി കെ.ബി. ഗണേഷ്കുമാര് പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുലഭിച്ചതായി കേരള കോണ്‍ഗ്രസ് -ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് എന്നിവരുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണു ബാലകൃഷ്ണപിള്ള ഇക്കാര്യം അറിയിച്ചത്. ഈ ഉറപ്പു പാലിച്ചാല്‍ പ്രശ്നങ്ങളെല്ലാം തീരുമെന്നു പിള്ള പറഞ്ഞു. പാര്‍ട്ടിക്കു വിധേയനാണെന്നു വ്യക്തമായാല്‍ മന്ത്രിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നല്കിയ കത്തു പിന്‍വലിക്കും. ഗണേഷ്കുമാറിനു നല്ല മാറ്റമുണ്ടായതായാണു കാണുന്നത്. ആരെയും നശിപ്പിക്കാനല്ല കേരള കോണ്‍ഗ്രസ് -ബിയുടെ തീരുമാനം. പാര്‍ട്ടിക്കു വിധേയനായി മന്ത്രി പ്രവര്‍ത്തിക്കണമെന്നതാണു തന്റെ ആവശ്യം. ഏപ്രില്‍ രണ്ടിനു മുമ്പ് യുഡിഎഫ് ഇക്കാര്യത്തില്‍ വ്യക്തമായ ഒരു മറുപടി നല്‍കുമെന്നാണു അറിയിച്ചിരുന്നതെന്നും ചര്‍ച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ പിള്ള മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.