ദുര്‍മന്ത്രവാദം: ഒരാള്‍ പിടിയില്‍

single-img
16 March 2013

മസ്‌കറ്റ്: മന്ത്രവാദത്തിലൂടെ എല്ലാവിധത്തിലുമുള്ള അസുഖങ്ങളും ഭേദമാക്കാമെന്ന അവകാശവാദവുമായെത്തുന്ന വ്യാജന്‍മാര്‍ ഒമാനില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരക്കാര്‍ കൂടുതല്‍ എത്തുന്നത്. ഇവര്‍ ആളുകളെ പറഞ്ഞു മയക്കിയാണ് ലൈസന്‍സില്ലാതെ മരുന്നും മറ്റും പ്രയോഗിക്കുന്നത്. സീബ് പ്രവിശ്യയില്‍ ഇത്തരം ഒരു സംഭവത്തില്‍ രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ റോയല്‍ ഒമാന്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ആഫ്രിക്കക്കാരനായ ഇയാള്‍ തനിക്ക് രോഗം ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നും തൊഴില്‍രഹിതരായവര്‍ക്ക് തന്റെ ശക്തി ഉപയോഗിച്ച് ജൊലി കണ്ടെത്തിക്കൊടുക്കാമെന്നും ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതായാണ് വിവരം. ഇയാളുടെ പക്കല്‍ നിന്നും മന്ത്രവാദത്തിനുപയോഗിക്കുന്ന പച്ചമരുന്നുകളും മറ്റു വസ്തുക്കളും ആളുകളെ വഞ്ചിച്ച് നേടിയതെന്നും കരുതുന്ന പണവും പോലീസ് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ കോടതി നടപടിയെടുക്കും.

കഴിഞ്ഞ ജനുവരിയില്‍ അസുഖം ഭേദമാകാനെന്ന പേരില്‍ നടത്തിയ മന്ത്രവാദകര്‍മ്മത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് ശ്വാസതടസ്സമുണ്ടാകുകയും നാലു പേര്‍ അബോധാവസ്ഥയിലാകുകയും ചെയ്തിരുന്നു. പഴയ മസ്‌കറ്റ് സിറ്റിയില്‍ 40 കിലോമീറ്റര്‍ അകലെ മബല്ലയിലാണ് സംഭവമുണ്ടായത്. ഇത്തരം മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നവരെന്ന് അവകാശപ്പെടുന്നവരുടെ വലയില്‍ വീഴരുതെന്ന് റോയല്‍ ഒമാന്‍ പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.