ഒ.വി. വിജയന്റെ പ്രതിമ തകര്‍ത്തനിലയില്‍

single-img
7 March 2013

O Vകോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പാര്‍ക്കില്‍ സ്ഥാപിച്ച വിഖ്യാത സാഹിത്യകാരന്‍ ഒ.വി. വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍. പ്രതിമയിലെ കണ്ണട, കണ്ണ്, മൂക്ക് എന്നിവ തകര്‍ക്കുകയും മുഖം ചെത്തിമാറ്റുകയും ചെയ്തിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളിലെ ഒ.വി. വിജയന്‍ സ്മൃതിവനത്തിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. അനുമതിയില്ലാതെ നിര്‍മിച്ച പ്രതിമ പൊളിച്ചുനീക്കണമെന്ന് മുസ്‌ലിം ലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് ചാക്കുകൊണ്ടുമൂടിയിട്ടനിലയിലായിരുന്നു പ്രതിമ. വിവാദം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സ്മൃതിവനം സ്ഥാപിക്കാന്‍ അനുമതി തേടി നഗരസഭയ്ക്ക് സ്‌കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ ഒരു വാരികയ്ക്കുവേണ്ടി ചിത്രങ്ങളെടുക്കാന്‍ ചാക്കുമാറ്റിയപ്പോഴാണ് പ്രതിമ തകര്‍ത്തത് കണെ്ടത്തിയത്.