രണ്ടാം ടെസ്റ്റ് : ഓസീസ് പൊരുതുന്നു

single-img
2 March 2013

154952ഹൈദരാബാദില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ തുടക്കത്തിലേറ്റ തകര്‍ച്ചയ്ക്കു ശേഷം ആസ്‌ത്രേലിയ മടങ്ങിവരുന്നു. ഇന്ത്യയുടെ യുവതാരം ഭുവനേശ്വര്‍ കുമാര്‍ ടെസ്റ്റിലെ തന്റെ ആദ്യ വിക്കറ്റുമായി കളം നിറഞ്ഞപ്പോള്‍ നാലിനു 63 എന്ന സ്‌കോറിലേയ്ക്ക് ഓസീസ് പതറി. എന്നാല്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനു രക്ഷയായി. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ടില്‍ 145 റണ്‍സ് ആണ് പിറന്നത്. ആസ്‌ത്രേലിയ ഇതുവരെ 213/5 (70 ഓവര്‍) റണ്‍സ് നേടി.
മികച്ച ഫോമില്‍ കളിക്കുന്ന മൈക്കല്‍ ക്ലാര്‍ക്കും മാത്യു വെയ്ഡും അര്‍ദ്ധ സെഞ്ച്വറി തികച്ചു. ക്ലാര്‍ക്ക് 160 പന്തില്‍ 83 റണ്‍സ് കുറിച്ചപ്പോള്‍ 144 പന്തില്‍ 62 റണ്‍സ് ആണ് വെയ്ഡ് നേടിയത്. മൊയിസ് ഹെന്റിക്(4) ആണ് ക്യാപ്റ്റനു കൂട്ടായി ക്രീസിലുള്ളത്. ടോസ്സ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ക്ലാര്‍ക്കിന്റെ പ്രതീക്ഷകളെ തകര്‍ത്തു കൊണ്ട് മൂന്നാം ഓവറില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ആഞ്ഞടിച്ചു. ഡേവിഡ് വാര്‍ണറുടെ (6) വിക്കറ്റ് വീഴിത്തി കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടമാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. ഭുവനേശ്വര്‍ തന്റെ അടുത്ത ഓവറില്‍ എഡ് കൊവാനെയും (4) ഇന്നിങ്ങ്‌സിന്റെ 14 ാം ഓവറില്‍ ഷെയ്ന്‍ വാട്‌സണെയും(23) വീഴ്ത്തി നേട്ടം മൂന്നാക്കി ഉയര്‍ത്തി. ഫിലിപ് ഹ്യൂഗ്‌സിനെ ധോണിയുടെ കൈയിലെത്തിച്ച് അശ്വിനും ഓസീസിനെ തകര്‍ച്ചയിലേയ്ക്കു തള്ളിവിട്ടു.