സോണിയയ്ക്കും ഉപരാഷ്ട്രപതിക്കും പി.ജെ കുര്യന്റെ കത്ത്

single-img
12 February 2013

pj kuryanവിവാദമായ സൂര്യനെല്ലി കേസില്‍ സ്വന്തം നിലപാട് വിശദീകരിച്ച് യുപിഎ അധ്യക്ഷ സോണിയാഗാന്ധിക്കും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കും പി.ജെ കുര്യന്‍ കത്തയച്ചു. ഇന്നലെയാണ് ഇരുവര്‍ക്കും കത്ത് ലഭിച്ചത്. സോണിയയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ഉപരാഷ്ട്രപതിക്കും അയയ്ക്കുകയായിരുന്നു. കുര്യന്‍ ഉപാധ്യക്ഷനായ രാജ്യസഭയുടെ അധ്യക്ഷനാണ് ഉപരാഷ്ട്രപതി. ഇതിനാലാണ് ഉപരാഷ്ട്രപതിക്കും കുര്യന്‍ വിശദീകരണക്കത്ത് അയച്ചത്. ഇപ്പോഴുയര്‍ന്ന ആരോപണം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്ന കത്തില്‍ രാജിക്കാര്യം ഒന്നും തന്നെ പരാമര്‍ശിച്ചിട്ടില്ല. കേസില്‍ ഇതേ ആരോപണത്തില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും കേരളത്തില്‍ രണ്ട് ഇടതു സര്‍ക്കാരുകള്‍ ഇക്കാര്യം അന്വേഷിച്ചതാണെന്നും കുര്യന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.ജെ കുര്യന്‍ സമയം ചോദിച്ചെങ്കിലും അവര്‍ അനുവദിച്ചിരുന്നില്ല.