എയര്‍ കേരള ഇല്ലെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ ഓഹരി വേണം

എയര്‍ കേരള വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയില്ലെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ കേരളത്തിന് ഓഹരി പങ്കാളിത്തം വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. എയര്‍ കേരളയ്ക്കായി വ്യവസ്ഥകള്‍ ഇളവു ചെയ്യാന്‍ കഴിയുന്നതാണെന്ന് അദേഹം പറഞ്ഞു. അന്താരാഷ്ട്ര വിമാന സര്‍വ്വീസ് തുടങ്ങാന്‍ അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വ്വീസ് നടത്തുകയും സ്വന്തമായി 20 വിമാനങ്ങള്‍ വേണമെന്നുമുള്ള വ്യവസ്ഥ സംസ്ഥാനത്തിന് പാലിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇതേ വ്യവസ്ഥ ഇളവു ചെയ്താണ് എയര്‍ ഇന്ത്യ എക്‌സപ്രസ്സ് ആരംഭിച്ചത്. ആയതിനാല്‍ കേരളത്തിനും ഇതിനുള്ള അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ നിയന്ത്രണം സാധ്യമാകും വിധത്തിലുള്ള നിര്‍ണായക ഓഹരി പങ്കാളിത്തം സംസ്ഥാനത്തിന് നല്‍കണമെന്ന് അദേഹം പറഞ്ഞു. പ്രവാസികള്‍ കൂടുതലുള്ള സംസ്ഥാനത്തെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എയര്‍ ഇന്ത്യയ്ക്ക് നിവേദനം നല്‍കി മടുത്തതായും അദേഹം പറഞ്ഞു.