ടാറ്റ ഗുഡ്‌ബൈ …..രത്തന്‍………………

single-img
28 December 2012

FFA8A03E7F44A14F32D8D1531DA1ടാറ്റ ഗ്രൂപ്പിനെ ആഗോളഭീമന്മാരുടെ നിരയിലേയ്ക്ക് നയിച്ച രത്തന്‍ നേവല്‍ ടാറ്റ മാതൃസ്ഥാപനത്തോട് ഇന്ന് വിടപറയും. സിറസ് മിസ്ട്രി അദേഹത്തിന് പിന്‍ഗാമിയായി ടാറ്റ സണ്‍സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കും. ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ചെയര്‍മാനായ നാല്‍പ്പത്തിനാലുകാരനായ മിസ്ട്രി.

തന്റെ എഴുപത്തിഞ്ചാം പിറന്നാള്‍ ദിനത്തിലാണ് രത്തന്‍ ടാറ്റ അരനൂറ്റാണ്ട് നീണ്ട ടാറ്റ സണ്‍സ് ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്. കംപ്യൂട്ടര്‍ രംഗത്തെ ഭീമന്മാരായ ഐബിഎമ്മിന്‍ നിന്ന് 1964 ലഭിച്ച ജോലി വാഗ്ദാനം നിരസിച്ച് കൊണ്ടാണ് അദേഹം കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യത്തിലേയ്ക്ക് ചുവടുവെച്ചത്. അന്ന് ടാറ്റ ഗ്രൂപ്പ് ഭരിച്ചിരുന്ന ജെആര്‍ഡി ടാറ്റയുടെ നിര്‍ദ്ദേശാനുസരണം ആയിരുന്നു അത്.

ടാറ്റ സണ്‍സിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഉയര്‍ന്ന അദേഹം 1991 ല്‍ തന്റെ അന്‍പത്തി നാലാം വയസ്സില്‍ ജെആര്‍ഡി ടാറ്റയ്ക്ക് പിന്‍ഗാമിയായി ഗൂപ്പ് ചെയര്‍മാനായി ചുമതലയേറ്റെടുത്തു.തുടര്‍ന്ന് ലോകോത്തര കമ്പനിയായി ടാറ്റ ഗ്രൂപ്പിനെ മാറ്റിയെടുത്ത അദേഹം പടിയിറങ്ങുമ്പോള്‍ 77.7 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ആഗോളതലത്തില്‍ കമ്പനിക്കുള്ളത്. ആറു ഭൂഖണ്ഡങ്ങളിലായി 80 രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്. ആകെ മുപ്പത്തിയൊന്ന് കമ്പനികളാണ് ടാറ്റ ഗ്രൂപ്പിന്റെ കൂഴിലുള്ളത്. മൊത്തം 455,947 പേര്‍ക്ക് ഈ കമ്പനികള്‍ തൊഴില്‍ നല്‍കുന്നു.

സാധാരണക്കാര്‍ക്കായി നാനോ കാറുകള്‍ നിരത്തിലിറക്കി പ്രശംസ പിടിച്ചു പറ്റിയ രത്തന്‍ ടാറ്റയുടെ കീഴില്‍ ആഗോളഭീമന്മാരായ ടെറ്റ്‌ലി, ജഗ്വാര്‍ ലാന്‍ഡ് റോവര്‍, കോറസ് എന്നിവയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കുന്നതിന് ഇതാണ് സഹായകമായത്. ഇന്ന് കമ്പനിയുടെ 65% വരുമാനം ഇന്ത്യയ്ക്ക് പുറത്ത് നിന്നുമുള്ളതാണ്.

ടാറ്റ ഗ്രൂപ്പിന്റെ സാരഥ്യമൊഴിയുമെങ്കിലും കമ്പനിയുടെ 66% ഷെയര്‍ കൈവശം വെയ്ക്കുന്ന സര്‍ ദൊറാബ്ജി ടാറ്റ – സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റുകളുടെ ചെയര്‍മാനായി അദേഹം തുടരും. കൂടാതെ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമരിറ്റസ് പദവിയും അദേഹത്തിനുണ്ട്. ഇന്ത്യന്‍ ബിസിനസ്സ് ലോകത്ത് വളര്‍ച്ചയുടെ നിര്‍ണ്ണായക ഭാഗമായ രത്തന്‍ ടാറ്റയ്ക്ക് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.