പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ മരണം: പോസ്റ്റ്‌മോര്‍ട്ടം നടപടിയില്‍ വീഴ്ച

single-img
16 December 2012

02a9387d_mentalcare-tvmപേരൂര്‍ക്കട മാനസികാരോഗാശുപത്രിയില്‍ മര്‍ദനത്തെത്തുടര്‍ന്നു മരിച്ച ആന്ധ്രപ്രദേശ് സ്വദേശി വെങ്കിടേശപ്പ (60)യുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലും പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങളിലും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ഡിഎംഒ ഡോ. സതീഷിന്റെ നേതൃത്വത്തിലുള്ള സമിതി ഇന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ദുരൂഹതയുളവാക്കുന്ന മരണങ്ങള്‍ സംഭവിച്ചാല്‍ ജുഡീഷല്‍ അധികാരമുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം പോലീസ് പാലിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങളിലും വീഴ്ചയുണ്ടായി. ഇതേത്തുടര്‍ന്നു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടിവന്നു. ആശുപത്രി സെല്ലില്‍ വെങ്കിടേശപ്പയ്‌ക്കൊപ്പം സെല്ലില്‍ ഉണ്ടായിരുന്ന രോഗി ഇയാളെ മര്‍ദിച്ചതായും കണെ്ടത്തിയിട്ടുണ്ട്. ആക്രമണകാരിയായ രോഗിക്കൊപ്പം മറ്റു രോഗികളെ സെല്ലില്‍ പാര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഒന്നും പാലിച്ചില്ല. ആശുപത്രി ജീവനക്കാര്‍ ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച വരുത്തി. വെങ്കിടേശപ്പയുടെ മരണവുമായി ബന്ധപ്പെട്ടു നേരത്തേ ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെ സ്ഥലം മാറ്റിയിരുന്നു. കെ. മുരളീധരന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ഏര്‍പ്പെടുത്തുമെന്നു പറഞ്ഞ ഒരു വികസന പ്രവര്‍ത്തനവും നടപ്പാക്കാതിരുന്നതാണു പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നു മുരളീധരന്‍ പറഞ്ഞു.