കവര്‍ച്ചയ്ക്കിടെ ഭര്‍ത്താവിനെ കെട്ടിയിട്ടു വീട്ടമ്മയെ കൊലപ്പെടുത്തി,

single-img
9 December 2012

വീട്ടില്‍ ജോലിക്കെത്തിയ സംഘം പട്ടാപ്പകല്‍ഗൃഹനാഥനെ ബന്ധനസ്ഥനാക്കി ഭാര്യയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തി. ആനിക്കാട് നൂറോമ്മാവ് പേക്കുഴി മേപ്രത്ത് ജോയി ജോസഫിനെ (75) ബന്ധനസ്ഥനാക്കി ഭാര്യ അന്നമ്മ ജോസഫിനെ(ആനി-72)യാണു കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ 10.30നും 11നും മധ്യേയാണു സംഭവം. മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ജോയി ജോസഫിനെ ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടമായിട്ടുണ്ട്. മക്കള്‍ ജോലിസ്ഥലങ്ങളിലായതിനാല്‍ ജോയിയും അന്നമ്മയും മാത്രമാണു വീട്ടില്‍ താമസിച്ചിരുന്നത്.

വീട്ടില്‍ റബര്‍ഷീറ്റ്് അടുക്കിവയ്ക്കുന്നതിനായി എത്തിയ ആസാം സ്വദേശികളായ മൂന്നു തൊഴിലാളികളാണു സംഭവത്തിനു പിന്നിലെന്നു പറയുന്നു. ആനിക്കാട് നൂറോമ്മാവ് ജംഗ്ഷനില്‍ വാടകയ്ക്കു താമസിക്കുന്ന ഇവരെ ജോയി ഇന്നലെ രാവിലെ എത്തി വീട്ടിലെ ജോലിക്കായി കൂട്ടിക്കൊണ്ടുവരുകയായിരുന്നു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന ജോയി മടങ്ങിയെത്തി നൂറോമ്മാവില്‍ റബര്‍ വ്യാപാരം നടത്തിവരുകയാണ്. റബറിനു വില കുറഞ്ഞതിനെത്തുടര്‍ന്നു സ്റ്റോക്ക് വീടിന്റെ രണ്ടാംനിലയിലേക്ക് അടുക്കിവയ്ക്കുന്നതിനാണു നൂറോമ്മാവില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ രാവിലെ കൂട്ടിക്കൊണ്ടുവന്നതെന്നു പറയുന്നു.

ജോലി നടന്നുകൊണ്ടിരിക്കേ തൊഴിലാളികള്‍ തന്നെ മുകളിലത്തെ നിലയിലേക്കു വിളിച്ചതായി ജോയി പറഞ്ഞു. തുടര്‍ന്നു മുകളിലേക്കു കയറിയെത്തിയ ജോയിയുടെ മുഖം തുണിയിട്ടു മൂടുകയും കസേരയില്‍ പിടിച്ചിരുത്തി കൈകാലുകള്‍ കെട്ടുകയും ചെയ്തു. ബഹളം വയ്ക്കാന്‍ കഴിയാത്തവിധത്തില്‍ മുഖത്തു തുണി ചുറ്റി. തുടര്‍ന്നു താഴെ എത്തിയ സംഘം വീടിനുള്ളില്‍ അന്നമ്മയെ ആക്രമിക്കുകയായിരുന്നുവെന്നു കരുതുന്നു. പുറത്തു ചക്ക അരിഞ്ഞുകൊണ്ടിരുന്ന അന്നമ്മ ബഹളംകേട്ട് അകത്തേക്കു കയറിവരുമ്പോഴായിരുന്നു ആക്രമണം. അടുക്കള ഭാഗത്താണ് അന്നമ്മയുടെ മൃതദേഹം കണെ്ടത്തിയത്. തല യ്ക്കു പരിക്കേറ്റിട്ടുള്ളതായും പറയുന്നു. മല്‍പ്പിടിത്തത്തിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. വീട്ടിലെ അലമാര സംഘം കുത്തിതുറന്നു മോഷണം നടത്തിയിട്ടുണ്ട്. അന്നമ്മ ധരിച്ചിരുന്ന മാല, വള, മോതിരം എന്നിവ നഷ്ടപ്പെട്ടിട്ടുണെ്ടന്നാണു വിവരം. എത്ര പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണെ്ടന്ന് അന്വേഷിച്ചുവരുകയാണ്. ആശുപത്രിയില്‍ കഴിയുന്ന ജോയി എത്തിയാല്‍ മാത്രമേ നഷ്ടപ്പെട്ട മറ്റു സാധനങ്ങളെ സംബന്ധിച്ച വിവരം ലഭ്യമാകുകയുള്ളൂവെന്നു പോലീസ് പറഞ്ഞു.