അവിശ്വാസപ്രമേയം നേരിടാന്‍ തയാറെന്നു കര്‍ണാടക മുഖ്യമന്ത്രി

single-img
6 December 2012

പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്നു കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ബി.എസ്.യെദിയൂരപ്പ പാര്‍ട്ടി വിട്ടുപോയ സാഹചര്യത്തില്‍ വിവിധ വിഷയങ്ങളുന്നയിച്ചു സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന്റെ നില ഭദ്രമാണെന്നും കാലാവധി തികയ്ക്കുമെന്നും ബല്‍ഗാമില്‍ ഇന്നലെ ആരംഭിച്ച നിയമസഭയുടെ ശീതകാലസമ്മേളനത്തിനുമുന്നോടിയായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ജഗദീഷ് ഷെട്ടാര്‍ വ്യക്തമാക്കി. യെദിയൂരപ്പ പാര്‍ട്ടി വിട്ടതില്‍ വിഷമമുണ്ട്. -ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. യെദിയൂരപ്പ പാര്‍ട്ടി വിട്ടെങ്കിലും ഭൂരിപക്ഷം എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ കെ.എസ്.ഈശ്വരപ്പയുടെ പ്രതികരണം. എംഎല്‍എമാര്‍ ആരെങ്കിലും ഹാവേരിസമ്മേളനത്തില്‍ പങ്കെടുത്താല്‍ നടപടി സ്വീകരിക്കുമെന്നും ബല്‍ഗാമില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ഈശ്വരപ്പ വ്യക്തമാക്കി.