മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സന്ദര്‍ശകരുടെ പ്രവാഹം

single-img
4 December 2012

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സന്ദര്‍ശകരുടെ പ്രവാഹം. @ ുീിശേളലഃ എന്നതാണ് മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ട്. ട്വീറ്റിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും ട്വിറ്റര്‍ അക്കൗണ്ട് തുറന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാര്‍പാപ്പയെ പിന്തുടരുന്നവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ഓരോ മിനിറ്റിലും നൂറു കണക്കിനു പേരാണ് ഫോളോവേഴ്‌സായി മാര്‍പാപ്പയുടെ ട്വിറ്ററില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിനോടകം മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോളോവേഴ്‌സായി എത്തിയവരുടെ എണ്ണം 266,428 ആണ്. ട്വിറ്ററിന്റെ ചരിത്രത്തില്‍ ട്വീറ്റിംഗ് തുടങ്ങുന്നതിനു മുമ്പ് തന്നെ ഇത്രത്തോളം ഫോളോവേഴ്‌സിനെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. മാര്‍പാപ്പ ആദ്യ ട്വീറ്റിംഗ് നടത്തുന്നതിനു മുമ്പ് തന്നെ ഫോളോവേഴ്‌സിന്റെ എണ്ണം ദശലക്ഷങ്ങള്‍ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗ്വാദലൂപ്പെ മാതാവിന്റെ തിരുനാള്‍ദിനമായ ഈമാസം 12- മുതലാണ് മാര്‍പാപ്പ ട്വീറ്റിംഗ് ആരംഭിക്കുക. എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലാന്‍ മാര്‍പാപ്പ ആഗ്രഹിക്കുന്നതായി ട്വിറ്റര്‍ അക്കൗണ്ട് തുറക്കുന്നതായുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ച വത്തിക്കാന്റെ സീനിയര്‍ മാധ്യമ ഉപദേഷ്ടാവ് ഗ്രെഗ് ബര്‍ക്ക് പറഞ്ഞു. ആധ്യാത്മിക സന്ദേശങ്ങളായിരിക്കും മാര്‍പാപ്പയുടെ ട്വീറ്റിംഗിലൂടെ ലഭിക്കുകയെന്നും മാധ്യമ ഉപദേഷ്ടാവ് വ്യക്തമാക്കി. ഇതിനോടൊപ്പം പ്രകൃതിദുരന്തം പോലുള്ള പ്രധാന ലോകസംഭവങ്ങളിലുള്ള പ്രതികരണങ്ങളും ഉള്‍പ്പെടുത്തും. സ്പാനിഷ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ജര്‍മന്‍, പോളിഷ്, അറബിക്, ഫ്രഞ്ച് ഭാഷകളിലാണ് ആദ്യഘട്ടത്തില്‍ ട്വീറ്റിംഗ് ഉണ്ടായിരിക്കുക. താമസിയാതെ മറ്റു ഭാഷകളും ഉള്‍പ്പെടുത്തും. മാര്‍പാപ്പ നേരിട്ടല്ല ട്വീറ്റ് ചെയ്യുക. മറിച്ച് മാധ്യമവിഭാഗം തയാറാക്കുന്ന സന്ദേശങ്ങള്‍ മാര്‍പാപ്പയുടെ ഒപ്പോടുകൂടി അയയ്ക്കുകയായിരിക്കും ചെയ്യുക.