ഒറ്റക്കുട്ടി നയം ചൈന തിരുത്തുന്നു

single-img
29 November 2012

ജനസംഖ്യാ നിയന്ത്രണത്തില്‍ ഇളവുവരുത്താന്‍ ചൈന ആലോചിക്കുന്നു. ഒറ്റക്കുട്ടി നയം തിരുത്താനുള്ള ശിപാര്‍ശകള്‍ സര്‍ക്കാരിന്റെ ഉപദേശക സമിതികള്‍ തയാറാക്കിവരികയാണെന്ന് ദേശീയ കുടുംബാസൂത്രണ, ജനസംഖ്യാ നിയന്ത്രണ കമ്മീഷന്റെ മുന്‍ മേധാവി ഷാംഗ് വെയ്ക്വിംഗ് പറഞ്ഞു. വൃദ്ധരുടെ എണ്ണം രാജ്യത്തു പെരുകുന്നതാണ് വിവാദ നയം തിരുത്താന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്. ഇപ്പോഴത്തെ നയം തുടരുന്നത് രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത കുറയ്ക്കുമെന്ന് ജനസംഖ്യാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നഗരമേഖലയിലുള്ളവര്‍ക്ക് രണ്ടാമതൊരു കുട്ടി കൂടിയാവാമെന്ന ഭേദഗതി കൊണ്ടുവരാനാണ് ആലോചന. ഭാര്യക്കും ഭര്‍ത്താവിനും സഹോദരങ്ങളില്ലെങ്കില്‍ മാത്രം രണ്ടാമത്തെ കുട്ടിയാകാം എന്നതാണ് നിലവിലുള്ള നയം. ഗ്രാമീണ മേഖലയില്‍ ഇതിലും കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. 1979ലാണ് ഒരു കുടുംബത്തില്‍ ഒറ്റക്കുട്ടി മാത്രമേ പാടുള്ളു എന്ന നയം ചൈന ഏര്‍പ്പെടുത്തിയത്. ഇപ്പോഴത്തെ ജനസംഖ്യ 134 ലക്ഷമാണ്.