വൈദ്യുതി പ്രതിസന്ധി രൂക്ഷം; 200 യൂണിറ്റില്‍ കൂടിയാല്‍ 11 രൂപ

single-img
28 November 2012

ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയുടെ ഉപയോഗം പ്രതിമാസം 200 യൂണിറ്റാക്കി പരിമിതപ്പെടുത്തണമെന്നും അധികം ഉപയോഗിക്കുന്ന വൈദ്യുതിക്കു വിപണിവില ഈടാക്കണമെന്നുമുള്ള ശിപാര്‍ശ വൈദ്യുതി ബോര്‍ഡ് വൈദ്യുതി റെഗുലേറ്ററി കമ്മീഷനു സമര്‍പ്പിക്കും. ലോഡ്‌ഷെഡിംഗിന്റെ സമയത്തില്‍ മാറ്റം വരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളും കമ്മീഷനു സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന ബോര്‍ഡിലെ ഔദ്യോഗിക അംഗങ്ങളുടെ യോഗം തീരുമാനിച്ചു.

വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയില്‍ 25 ശതമാനത്തിന് അധിക തുക ഈടാക്കാന്‍ അനുവദിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടും. വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്ന തീരുമാനത്തെ ബോര്‍ഡിലെ ചില അംഗങ്ങള്‍ എതിര്‍ത്ത സാഹചര്യത്തിലാണ് 25 ശതമാനം വൈദ്യുതിക്ക് അധിക തുക ഈടാക്കണമെന്ന നിര്‍ദേശമുയര്‍ന്നത്.

വൈദ്യുതി നിയന്ത്രണം ജൂണ്‍ ഒന്നു വരെ ദീര്‍ഘിപ്പിക്കണം. ലോഡ് ഷെഡിംഗ് സമയം വൈകുന്നേരം ആറു മുതല്‍ പത്തുവരെയാക്കണം. നിലവില്‍ ആറര മുതല്‍ പത്തര വരെയാണു ലോഡ്‌ഷെഡിംഗ്. ഇതുകൊണ്ടു വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു സമയം മാറ്റണമെന്ന നിര്‍ദേശം. ഈ മാസം 30 വരെ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനാണു വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുവാദം നല്കിയിട്ടുള്ളത്.