അഫ്ഗാനിസ്ഥാനില്‍ പതിനായിരം ഭടന്മാരെ യുഎസ് നിലനിര്‍ത്തും

single-img
27 November 2012

2014ലെ നിര്‍ദിഷ്ട സൈനിക പിന്മാറ്റത്തിനു ശേഷം അഫ്ഗാനിസ്ഥാനില്‍ പതിനായിരം യുഎസ് സൈനികരെ നിലനിര്‍ത്താന്‍ അമേരിക്ക തയാറായേക്കും.അല്‍ക്വയ്ദ വീണ്ടും തലപൊക്കുന്നതു തടയാനായി പ്രത്യേക ഭീകരവിരുദ്ധ സ്‌ക്വാഡിനെയും നിയോഗിക്കും. അഫ്ഗാനിസ്ഥാനില്‍ നിലനിര്‍ത്തേണ്ട സൈനികരുടെ എണ്ണം സംബന്ധിച്ച് നാറ്റോയുടെയും യുഎസ് സേനയുടെയും കമാന്‍ഡറായ ജനറല്‍ ജോണ്‍ അല്ലന്‍ ശിപാര്‍ശ നല്‍കിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇപ്പോള്‍ 67,000 യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഇതിനു പുറമേ നാറ്റോ സഖ്യരാജ്യങ്ങളുടെ 37,000 സൈനികരുമുണ്ട്. അഫ്ഗാന്‍ ദേശീയ സേനയില്‍ 337,000 ഭടന്മാരാണുള്ളത്.അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് സൈന്യത്തെ 2014ല്‍ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഒബാമ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. അതിനുശേഷം സുരക്ഷാച്ചുമതല അഫ്ഗാന്‍കാര്‍ക്കായിരിക്കും.