വെടിനിര്‍ത്തല്‍; ഗാസയില്‍ ആഹ്ലാദപ്രകടനം

single-img
22 November 2012

നൂറ്റി അറുപത്തിരണ്ട് പലസ്തീന്‍കാരുടെയും അഞ്ച് ഇസ്രേലികളുടെയും ജീവഹാനിക്കിടയാക്കിയ എട്ടുദിവസത്തെ പോരാട്ടത്തിന് അന്ത്യം കുറിച്ച് വെടിനിര്‍ത്തല്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് ഗാസയില്‍ ജനങ്ങള്‍ ആഹ്‌ളാദ പ്രകടനം നടത്തി. ബുധനാഴ്ച രാത്രി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ശേഷവും ഹമാസ് ഏതാനും റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് വിക്ഷേപിച്ചെങ്കിലും ഇസ്രയേല്‍ തിരിച്ചടിച്ചില്ല. എന്നാല്‍ ഭീകരരെന്ന് ആരോപിച്ച് 55 പേരെ വെസ്റ്റ്ബാങ്കില്‍നിന്ന് ഇസ്രേലി സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷം ഹമാസ് റോക്കറ്റ്ആക്രമണം പൂര്‍ണമായി നിര്‍ത്തി. ഇസ്രേലി സേന ഇപ്പോഴും ഗാസ അതിര്‍ത്തിയില്‍ തങ്ങുകയാണ്. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നു പ്രതിരോധമന്ത്രി യഹൂദ് ബറാക് മുന്നറിയിപ്പു നല്‍കി. ഹമാസ് പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയാ ഇന്നലെ ഗാസയില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുര്‍സി വഹിച്ച പങ്കിനെ ഹനിയ പ്രശംസിച്ചു.