പാക്കിസ്ഥാന്‍ 13 അഫ്ഗാന്‍ താലിബാന്‍ തടവുകാരെ മോചിപ്പിച്ചു

single-img
16 November 2012

അഫ്ഗാന്‍കാരായ താലിബാന്‍ തടവുകാരില്‍ 13 പേരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. താലിബാന്‍ കമാന്‍ഡര്‍ ആയിരുന്ന അന്‍വര്‍ ഉള്‍ ഹഖ് ഉള്‍പ്പെടെയുള്ള 13 താലിബാന്‍ തടവുകാരെയാണ് പാക്കിസ്ഥാന്‍ മോചിപ്പിച്ചത്. നാറ്റോസേന പിന്മാറുന്ന സാഹചര്യത്തില്‍ താലിബാനുമായി സന്ധി സംഭാഷണം നടത്താനുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് നടപടി. ദീര്‍ഘനാളായി അഫ്ഗാനിസ്ഥാന്‍ ഉന്നയിക്കുന്ന ആവശ്യമാണിത്.

ബഗ്‌ലാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മുല്ലാ അബ്ദുള്‍ സലാം, അഹമ്മദ് ഗുള്‍, കാബൂള്‍ മുന്‍ ഗവര്‍ണര്‍ ദാവൂദ് ജലാലി എന്നിവരെയും മോചിപ്പിച്ചതായി പാക് കേന്ദ്രങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാനും അഫ്ഗാന്‍ സമാധാന കൗണ്‍സിലും നടത്തിയ ചര്‍ച്ചകളാണ് താലിബാന്‍കാരുടെ മോചനത്തിനു വഴിയൊരുക്കിയത്. പാക്കിസ്ഥാനിലെ വിവിധ ജയിലുകളിലായി 40ഓളം അഫ്ഗാന്‍ താലിബാന്‍ തടവുകാരുണ്‌ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകള്‍. നിലവില്‍ മോചിതരായ താലിബാന്‍കാര്‍ സമാധാന പ്രക്രിയയ്ക്കു സഹായമാകുമെങ്കില്‍ അഫ്ഗാന്‍ താലിബാന്റെ നേതൃനിരയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന മുല്ലാ അബ്ദുള്‍ ഘാനി ബറാദറിനെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു.