തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ ദുരവസ്ഥ; നടപടിയെടുക്കുമെന്ന് മന്ത്രി

single-img
11 November 2012

സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയുടെ ദുരവസ്ഥയ്ക്കു കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. രാവിലെ ഒന്‍പതു മണിയോടെ മന്ത്രി ആശുപത്രി സന്ദര്‍ശിച്ചു. ഇതിനിടെ യുവജന സംഘടനാപ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച സംഘടനാപ്രതിനിധികളെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. പിന്നീട് ആശുപത്രിയില്‍ എത്തിയ ഡിവൈഎഫ്‌ഐ നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തി. കെ. മുരളീധരന്‍ എംഎല്‍എയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരാഴ്ചയ്ക്കകം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുമെന്നും രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വാര്‍ഡിനുള്ളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറ സ്ഥാപിക്കുമെന്നും ഓരോ ആഴ്ചയിലും വാര്‍ഡിന്റെ ശുചിത്വം അടക്കമുള്ള സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു മോനിട്ടറിംഗ് കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗികളല്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതേത്തുടര്‍ന്ന് തത്കാലത്തേയ്ക്കു പ്രതിഷേധം നിര്‍ത്തിവയ്ക്കുകയാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു.