മായാവതിയുടെ പിന്തുണയുറപ്പിച്ച് പധാനമന്ത്രി

single-img
11 November 2012

യുപിഎ സര്‍ക്കാരിനു പുറമേ നിന്നു പിന്തുണ നല്‍കുന്ന നിലപാടില്‍ മാറ്റമില്ലെന്നു ബിഎസ്പി നേതാവ് മായാവതി. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ പ്രധാനമന്ത്രി ഒരുക്കിയ ഉച്ചവിരുന്നില്‍ പങ്കെടുത്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഒരു നീക്കവും ബിഎസ്പി നടത്തില്ലെന്നു മായാവതി ഉറപ്പു നല്‍കിയതായും സൂചനയുണ്ട്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ കക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണു പ്രധാനമന്ത്രി യുപിഎ കക്ഷികള്‍ക്കും പുറത്തുനിന്നു പിന്തുണ നല്‍കുന്നവര്‍ക്കുമായി വിരുന്നൊരുക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനും മകന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനും വിരുന്നു നല്‍കിയിരുന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തില്ലെന്നു മുലായം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കിയിരുന്നു.