കള്ളനോട്ട് കേസ്: താഹിര്‍ തക്ലിയയെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു

single-img
9 November 2012

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും 72 ലക്ഷത്തില്‍പരം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിലെ പ്രധാന പ്രതി താഹിര്‍ തക്ലിയയെ ഈ മാസം 16 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ തക്ലിയയെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടുകയായിരുന്നു. തീവ്രവാദകേസുകളില്‍ ഇയാളുടെ ബന്ധം കൂടുതല്‍ അറിയുന്നതിന് വേണ്ടിയാണ് എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. 2008 ഓഗസ്റ്റ് 16 നാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് കള്ളപ്പണം പിടികൂടിയത്. 2008 മെയ് മൂന്നിന് നെടുമ്പാശേരിയില്‍ ഡിആര്‍ഐ പിടികൂടിയ 20 ലക്ഷം രൂപയുടെ കള്ളനോട്ടും കൊടുത്തുവിട്ടത് താഹിര്‍ ആണെന്ന് എന്‍ഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വഴിയായിരുന്നു ഇയാള്‍ കള്ളനോട്ടുകള്‍ കേരളത്തിലേക്ക് കടത്തിയിരുന്നത്. 1993 ലെ മുംബൈ സ്‌ഫോടനത്തിലും പ്രതിയായ താഹിറിനെ ദുബായിലും പാക്കിസ്ഥാനിലുമായി ഒളിവില്‍ കഴിയവേ ഇന്റര്‍പോളിന്റെ സഹായത്തോടെ 2010 മേയില്‍ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.